മൃഗങ്ങൾക്കായി ഗുഹകളും മറ്റും കൂടിൽ നിർമ്മിക്കാനുള്ള ജോലികൾ പുരോഗമിക്കുന്നതിനിടയിലാണ് വലിയ രീതിയിൽ ചത്തൊടുങ്ങി. അണുബാധ പടർത്തിയത് ജീവനക്കാരുടെ ഷൂവിലെ മണ്ണ്
ഹോങ്കോങ്ങ്: മൃഗശാലയിൽ ബാക്ടീരിയ ബാധ പടരുന്നു. 10 ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത് 12 കുരങ്ങന്മാർ. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഹോങ്കോങ്ങ് മൃഗശാലയിൽ ബാക്ടീരിയ ബാധ കണ്ടെത്തുന്നത്. രോഗബാധ ശ്രദ്ധയിൽ പ്പെട്ട 13 ഒക്ടോബറിന് തന്നെ ഐസൊലേറ്റ് ചെയ്ത അർബോറിയൽ ആഫ്രിക്കൻ പ്രൈമേറ്റുകളിൽ ഒന്നായ ഡി ബ്രസ്സ കുരങ്ങാണ് അവസാനമായി ചത്തിട്ടുള്ളത്. മൃഗശാലയിലെ കൂടുകളിലെ മണ്ണിൽ കാണുന്ന ഇനം ബാക്ടീരിയയുടെ അമിത സാന്നിധ്യമാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുള്ളത്.
അണുബാധമൂലമുള്ള സെപ്സിസ് മൂലമാണ് കുരങ്ങന്മാർ ചത്തതായാണ് കണ്ടെത്തിയിട്ടുള്ളത്. അണുബാധ മൂലം കോശങ്ങൾ തകരാറിലാവുകയും അവയവങ്ങൾ പ്രവർത്തനം നിലയ്ക്കുന്നതുമാണ് മരണത്തിന് കാരണമായിട്ടുള്ളത്. മൃഗശാലയിലെ മണ്ണുകളിൽ ജോലി ചെയ്യുന്നവരുടെ ഷൂവിൽ നിന്ന് മലിനമായ മണ്ണ് മൃഗങ്ങളുടെ കൂടുകളിലേക്ക് എത്തിയെന്നാണ് സംശയിക്കുന്നത്. മൃഗങ്ങൾക്കായി ഗുഹകളും മറ്റും കൂടിൽ നിർമ്മിക്കാനുള്ള ജോലികൾ പുരോഗമിക്കുന്നതിനിടയിലാണ് വലിയ രീതിയിൽ കുരങ്ങന്മാർ ഇവിടെ ചത്തിട്ടുള്ളത്.
undefined
മനുഷ്യൻമാരിലേക്ക് ബാക്ടീരിയ ബാധ പകരാനുള്ള സാധ്യത കുറവാണെങ്കിലും ജീവനക്കാരിൽ ചിലർ നിരീക്ഷണത്തിലാണെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മണ്ണിൽ നിന്നുള്ള അണുബാധ സാധാരണമാണെങ്കിലും മൃഗശാലയിലെ ഇത്തരം സംഭവങ്ങൾ അപൂർവ്വമായതിനാലാണ് അണുബാധ വലിയ രീതിയിൽ ചർച്ചയാവുന്നത്. ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന കോട്ടൺ ടോപ്പ് ടാമറിൻ, വെളുത്ത മുഖമുള്ള സാക്കികൾ, സാധാരണ അണ്ണാൻ കുരങ്ങുകൾ, ഡി ബ്രാസ അടക്കമുള്ള കുരങ്ങുകളാണ് ഇവിടെ ചത്തിട്ടുള്ളത്.
മലിനമായ മണ്ണ്, വായു അല്ലെങ്കിൽ വെള്ളം എന്നിവയുമായി സമ്പർക്കം പുലർത്തുന്നതിലൂടെ പകരുന്ന പകർച്ചവ്യാധിയായ മെലിയോയ്‌ഡോസിസ് എന്ന രോഗാവസ്ഥയാണ് കുരങ്ങന്മാരുടെ ജീവനെടുത്തത്. ഹോങ്കോങ്ങിലെ നഗര ഹൃദയത്തിൽ 14 ഏക്കർ സ്ഥലത്താണ് മൃഗശാല സ്ഥിതി ചെയ്യുന്നത്. കുരങ്ങന്മാരുടെ അണുബാധയേറ്റുള്ള മരണത്തിൽ മൃഗസ്നേഹികൾ രൂക്ഷമായ വിമർശനമാണ് ഉയർത്തുന്നത്. മൃഗങ്ങളെ മനുഷ്യന്റെ വിനോദത്തിനായി പ്രദർശിപ്പിക്കുന്നത് അവസാനിപ്പിക്കുന്നത് മാത്രമാണ് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സഹായിക്കൂവെന്നാണ് മൃഗസ്നേഹികളും പരിസ്ഥിതി വാദികും ഉയർത്തുന്ന രൂക്ഷമായ വിമർശനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം