നസ്റല്ലയ്ക്ക് ശേഷം തലവനായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

By Web Team  |  First Published Oct 23, 2024, 10:51 PM IST

ഹിസ്ബുല്ലയുടെ അടുത്ത നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് ഹാഷിം സെയ്ഫുദ്ദീൻ.


ടെഹ്റാൻ: ഹസൻ നസ്റല്ലയ്ക്ക് ശേഷം സംഘടനയുടെ തലവനായി പരിഗണിക്കപ്പെട്ടിരുന്ന ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഹിസ്ബുല്ല. ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടെന്ന് ഹിസ്ബുല്ല അറിയിച്ചു. ഹിസ്ബുല്ലയുടെ അടുത്ത നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടെന്ന വാ‍ർത്ത പുറത്തുവന്നത്. 

നസ്‌റല്ല കൊല്ലപ്പെട്ടതിന് ശേഷം ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം ഖാസിമിനൊപ്പം സെയ്ഫുദ്ദീൻ ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച് വരികയായിരുന്നു. നസ്റല്ലയുടെ ബന്ധുവായിരുന്ന സെയ്ഫുദ്ദീൻ ഹിസ്ബുല്ലയുടെ ജിഹാദ് കൗൺസിൽ അംഗവുമായിരുന്നു. ഹിസ്ബുല്ലയുടെ സായുധ സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും എക്സിക്യൂട്ടീവ് കൗൺസിലിൻ്റെ തലവനായി പ്രവർത്തിക്കുകയും ചെയ്തയാളാണ് സെയ്ഫുദ്ദീൻ. സംഘടനയുടെ സാമ്പത്തികവും ഭരണപരവുമായ കാര്യങ്ങളും സെയ്ഫുദ്ദീൻ കൈകാര്യം ചെയ്തിരുന്നു. ലെബനനിലെ ശക്തികേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സെയ്ഫുദ്ദീന്റെ മരണം ഹിസ്ബുല്ലയുടെ നേതൃത്വത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്.

Latest Videos

READ MORE:  വയനാടൻ ചുരം കയറാൻ എൻഡിഎ; നവ്യ ഹരിദാസ് നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

click me!