ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള 5 രാജ്യങ്ങള്‍ക്കെതിരെ യുഎന്നില്‍ ഗുരുതര പരാതിയുമായി ഗ്രേറ്റാ തുന്‍ബെര്‍ഗ്‌

By Web Team  |  First Published Sep 24, 2019, 10:14 AM IST

കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാവുന്നത് ലോകനേതാക്കളുടെ നിലപാടുകള്‍ ആണെന്നും ഞങ്ങളുടെ ബാല്യകാലത്തെ സ്വപ്നങ്ങള്‍ നിങ്ങള്‍ കവര്‍ന്നുവെന്നുമുള്ള പതിനാറുകാരിയായ ഗ്രേറ്റയുടെ യുഎന്‍ കാലാവസ്ഥ ഉച്ചകോടിയിലെ പ്രസംഗം അന്താരാഷ്ട്ര തലത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാന്‍സ് അടക്കമുള്ള അഞ്ച് രാജ്യങ്ങള്‍ക്ക് എതിരെ ഗ്രേറ്റ യുഎന്നിനെ സമീപിച്ചിരിക്കുന്നത്.


ന്യൂയോര്‍ക്ക്: ഫ്രാന്‍സ് ഉള്‍പ്പെടെ ലോകത്തിലെ പ്രധാനപ്പെട്ട അഞ്ച് രാജ്യങ്ങള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റാ തുന്‍ബെര്‍ഗ്‌. കാലാവസ്ഥ വ്യതിയാനം നേരിടാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കില്ലെന്നാണ് സ്വീഡന്‍ സ്വദേശിയായ ഗ്രേറ്റയും പതിനഞ്ച് കുട്ടികളും യുണൈറ്റഡ് നാഷണല്‍ ഓര്‍ഗനൈസേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ ഫ്രാന്‍സ്, ജര്‍മ്മനി, ബ്രസീല്‍, അര്‍ജന്‍റീന, ടര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് പതിനാറുകാരിയായ പരിസ്ഥിതി പ്രവര്‍ത്തകയുടെ ഗുരുതര ആരോപണങ്ങള്‍.

Latest Videos

undefined

യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയിലെ തീപ്പൊരി പ്രസംഗത്തിന് പിന്നാലെയാണ് ഗ്രേറ്റ പരാതി നല്‍കിയിരിക്കുന്നത്. പൊള്ളയായ നിങ്ങളുടെ വാക്കുകളിലൂടെ എന്‍റെ ബാല്യകാലത്തെ സ്വപ്നങ്ങള്‍ നിങ്ങള്‍ കവര്‍ന്നു. എന്നാലും എനിക്ക് ഒരല്‍പം ഭാഗ്യമുണ്ട്.  ലോകത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലെ ആളുകളേപ്പോലെ നരകിച്ച് മരിക്കേണ്ട അവസ്ഥയില്‍ ഞാന്‍ എത്തിയിട്ടില്ല, ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം തടയുന്നതില്‍ വീഴ്ച വരുത്തിയ നിങ്ങള്‍ ഞങ്ങളുടെ തലമുറയെ വഞ്ചിച്ചുവെന്നുള്ള ഉച്ചകോടിയിലെ ഗ്രേറ്റയുടെ പ്രസംഗം ലോകമനസാക്ഷിയെ പൊള്ളിച്ചിരുന്നു. 

ഗ്രേറ്റ തുന്‍ബെറിന് ആംനെസ്റ്റി പുരസ്‍കാരം; ആരാണ് ഈ പതിനാറുകാരി?

വെളിയില്‍ വിടുന്ന കാര്‍ബണിന്‍റെ അളവില്‍ കുറവ് വരുത്താല്‍ ഈ രാജ്യങ്ങള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിലൂടെ ഭാവിതലമുറയുടെ അവകാശങ്ങളാണ് നിങ്ങള്‍ മുതിര്‍ന്നവര്‍ കവരുന്നതെന്ന് പരാതിയില്‍ പറയുന്നു. മുപ്പത് വര്‍ഷം പ്രായമായ മനുഷ്യാവകാശ ഉടമ്പടിയിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഈ രാജ്യങ്ങള്‍ പരാജയപ്പെട്ടെന്നും ഗ്രേറ്റ ആരോപിക്കുന്നു. 

യുഎന്നിന്‍റെ കാലാവസ്ഥ ഉച്ചകോടിയില്‍ കാര്‍ബണ്‍ എമിഷന്‍ കുറക്കാനുള്ള നടപടികളെക്കുറിച്ച് ലോക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലോക നേതാക്കള്‍ക്ക് പരിസ്ഥിതിയെ സംരക്ഷിക്കാന്‍ താല്‍പര്യമില്ലെന്നും മറ്റ് പല കാര്യങ്ങള്‍ക്കുമാണ് അനാവശ്യ തിടുക്കം കാണിക്കുന്നതെന്നുമായിരുന്നു ഗ്രേറ്റ ഉച്ചകോടിക്ക് പിന്നാലെ പ്രതികരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കൗമാരക്കാരെ ഉള്‍പ്പെടുത്തിയായിരുന്നു ഉച്ചകോടി നടന്നത്.

രൂക്ഷമായ ആരോപണങ്ങളാണ് ലോകനേതാക്കള്‍ക്കെതിരെ ഉച്ചകോടിയില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ കൗമാര പ്രതിനിധികള്‍ ഉയര്‍ത്തിയത്. അലാസ്കയിലെ മത്സ്യബന്ധനസമൂഹത്തിന്‍റെ പ്രതിനിധിയായ കാള്‍ സ്മിത്ത് നേതാക്കള്‍ക്ക് പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ചെലവിടാന്‍ പണമില്ലെന്നാണ് ആരോപിച്ചത്. ആഗോളതാപനം മൂലം താന്‍ ഉള്‍പ്പെടുന്ന സമുദായത്തിന് നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ലെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു. 

പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള കൗമാര പ്രതിനിധികളാണ് ഗ്രേറ്റക്കൊപ്പം പരാതിയില്‍ ഒപ്പുവച്ചിരിക്കുന്നത്. ആഗതമായിരിക്കുന്ന അതിഗുരുതരമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നാണ് കൗമാരപ്രതിനിധികള്‍ ആവശ്യപ്പെട്ടത്. 
 
പണമല്ല തങ്ങള്‍ക്ക പരിഹാരമായി വേണ്ടത്. സ്വസ്ഥമായി ജീവിക്കാനുള്ള പാരിസ്ഥിതിക സാഹചര്യങ്ങളാണെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഉടമ്പടിയില്‍ അംഗീകരിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വിമുഖത കാണിക്കരുതെന്നും കൗമാരപ്രതിനിധികള്‍ ആവശ്യപ്പെട്ടു. 

' ഇല്ലാത്ത ഭാവിക്കായി ഞങ്ങളെന്തിന് പഠിക്കണം ? ' ഗ്രേറ്റാ തുന്‍ബെര്‍ഗ്‌

2018-ൽ സ്വീഡനിൽ വൻ ഉഷ്ണതരംഗത്തിനും കാട്ടുതീക്കുമെതിരെ പ്രതികരിക്കാനായി വിചിത്രമായൊരു വഴി തെരഞ്ഞെടുത്തതോടെയാണ് ഗ്രേറ്റാ തുന്‍ബെര്‍ഗ്‌ ലേകശ്രദ്ധയിലേക്ക് എത്തുന്നത്. മറ്റൊന്നുമായിരുന്നില്ല അത്. സ്കൂളിൽ പോകാതെ പ്രതിഷേധിക്കുകയായിരുന്നു ആ വിചിത്രമാര്‍ഗം. ആ കൊച്ചു കുട്ടി എല്ലാ വെള്ളിയാഴ്ചകളിലും സ്കൂളില്‍ നിന്ന് വിട്ടുനിന്നു. ഇല്ലാത്ത ഭാവിക്കായി ഞങ്ങളെന്തിന് പഠിക്കണമെന്നായിരുന്നു ഗ്രേറ്റ ചോദിച്ചത്. ആ കൗമാരക്കാരിയുടെ ചോദ്യത്തിന് മുന്നിൽ ലോകത്തിന് ഉത്തരം മുട്ടിയിരുന്നു. ആദ്യമൊക്കെ ആരും തിരിഞ്ഞുനോക്കിയില്ലെങ്കിലും പിന്നീട് എല്ലാ വെള്ളിയാഴ്ചകളിലും ഗ്രെറ്റയോടൊപ്പം പ്രതിഷേധിക്കാൻ കുട്ടികളുടെയും യുവാക്കളുടെയും പട തന്നെയെത്തി.

2018-ലെ പാരീസ് ഉടമ്പടിയനുസരിച്ച് കാർബൺ ഉത്പാദനം കുറയ്ക്കണമെന്ന മാനദണ്ഡം പാലിക്കാത്ത അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളെ നിശിതമായി വിമർശിച്ച ഗ്രെറ്റാ വിവിധ കാലാവസ്ഥാ ഉച്ചകോടികളിലും ഐക്യരാഷ്ട്ര സഭയുടെ സമ്മേളനങ്ങളിലുമടക്കം കാലാവസ്ഥാ സംരക്ഷണത്തിനായി വാദിച്ചു. വിദ്യാര്‍ഥികള്‍ക്ക് പുറമെ മുതിര്‍ന്നവരും രാജ്യാന്തര സംഘടനകളും ഗ്രേറ്റയുടെ പുറകില്‍ അണിനിരക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലായി നാലായിരത്തിലധികം പരിപാടികള്‍ സമരത്തിന്‍റെ ഭാഗമായി ഇതിനകം നടന്ന് കഴിഞ്ഞു.

പരിസ്ഥിതി സംരക്ഷണ പോരാട്ടത്തിലൂടെ ശ്രദ്ധേയായ ഈ പതിനാറുകാരിയായ സാമൂഹ്യപ്രവര്‍ത്തകയെ 'അംബാസിഡര്‍ ഓഫ് കോണ്‍ഷ്യസ് പുരസ്‍കാരം' നല്‍കിയാണ് സംഘടന ആദരിച്ചത്. 

click me!