മൂന്നിൽ ഒന്ന് രോഗികളുള്ള അമേരിക്കയിലാണ് കൊവിഡ് ഏറ്റവും ആഘാതം ഏൽപ്പിച്ചത്. അമേരിക്കയിൽ മരണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അമ്പത് ലക്ഷം കടന്നു. 5,003,182 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. കൊവിഡ് മരണം 325,218 ആയി. മൂന്നിലൊന്ന് രോഗികളും അമേരിക്കയിലാണ്. യൂറോപ്പും ആശങ്കപ്പെടുത്തുന്ന രോഗപ്പകർച്ചയിൽ വിറങ്ങലിച്ച് നിൽകുമ്പോൾ വാക്‌സിൻ യാഥാർഥ്യമാകും വരെ മുൻകരുതൽ അല്ലാതെ മറ്റു വഴിയില്ലെന്ന തിരിച്ചറിവിലാണ് ലോകം.
ഏപ്രിൽ 21 ന് 25 ലക്ഷം ആയിരുന്നു കൊവിഡ് രോഗികൾ. 29 ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ഇരട്ടിയായി. ആകെ രോഗികളിൽ 15 ലക്ഷവും അമേരിക്കയിലാണ്. അമേരിക്കയിൽ മരണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 1,570,920 രോഗബാധിതരാണ് അമേരിക്കയിൽ ഉള്ളത്. ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിലും രോഗ വ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. റഷ്യ, ബ്രസീൽ, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.
undefined
രോഗം ഭീകരതാണ്ഡവമാടുന്ന യൂറോപ്പിൽ പതിനെട്ട് ലക്ഷം രോഗികളാണ് ഉള്ളത്. ഏഷ്യയിൽ എട്ടര ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്. ആഫ്രിക്കയിൽ രോഗികളുടെ എണ്ണം ലക്ഷത്തിൽ താഴെ നിൽക്കുന്നത് പരിശോധനകൾ കുറവായതിനാലാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സാമൂഹിക അകലം അല്ലാതെ തത്കാലം പ്രതിരോധം ഒന്നുമില്ലെന്ന് സമ്മതിച്ച ലോകാരോഗ്യ സംഘടനാ വൈറസ് ഉടനൊന്നും അപ്രത്യക്ഷമാകില്ലെന്നും പറയുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലായി പുരോഗമിക്കുന്ന വാക്സിൻ ഗവേഷണങ്ങളിൽ മാത്രമാണ് ഇപ്പോൾ ലോകത്തിന്റെ പ്രതീക്ഷ.