ഹിന്ദു പുരോഹിതന്റെ അറസ്റ്റ്; ബംഗ്ലാദേശിൽ സംഘ‍ര്‍ഷം, അഭിഭാഷകനെ വെട്ടിക്കൊലപ്പെടുത്തിയെന്ന് സഹപ്രവര്‍ത്തകര്‍

By Web Team  |  First Published Nov 27, 2024, 12:50 PM IST

ഹിന്ദു പുരോഹിതന്റെ അറസ്റ്റിന് പിന്നാലെ ബംഗ്ലാദേശിൽ അഭിഭാഷൻ കൊല്ലപ്പെട്ടു; വെട്ടിക്കൊലപ്പെടുത്തിയെന്ന് സഹപ്രവര്‍ത്തകര്‍


ധാക്ക: ബംഗ്ലാദേശിലെ ഹിന്ദു പുരോഹിതനും മത ന്യൂനപക്ഷ നേതാവുമായ ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയുടെ അറസ്റ്റിന് പിന്നാലെ ചിറ്റഗോംഗിൽ നടന്ന സംഘർഷത്തിൽ ഒരു അഭിഭാഷകൻ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഭിഭാഷകനായ സൈഫുൽ ഇസ്‌ലാം അലിഫ് ചിറ്റഗോങ്ങിൽ കൊല്ലപ്പെട്ടതായാണ് ചിറ്റഗോങ് ബാർ അസോസിയേഷൻ പ്രസിഡന്റ് നസിം ഉദ്ദീൻ ചൗധരിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സൈഫുൽ ഇസ്‌ലാം ആരിഫിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ചിറ്റഗോംഗ് ബാർ അസോസിയേഷൻ ജനറൽ സെക്രട്ടറി അഷ്‌റഫ് ഹുസൈൻ റസാഖ് പറഞ്ഞത്. അഭിഭാഷകന്റെ കൊലപതകത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ചത്തെ കോടതി പ്രവർത്തനങ്ങൾ ചിറ്റഗോംഗ് ബാർ അസോസിയേഷൻ താൽക്കാലികമായി നിർത്തിവച്ചതായും റസാഖ് കൂട്ടിച്ചേർത്തു. 

Latest Videos

undefined

ചിൻമോയ് ബ്രഹ്മചാരിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചിറ്റഗോങ്ങിലെ കോടതി വളപ്പിൽ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു. എന്നാൽ കോടതി ജാമ്യാപേക്ഷ നിരസിക്കുകയും ജയിലിലടയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. തുടർന്ന് പ്രതിഷേധക്കാർ ജയിൽ വാൻ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കുകയും ചെയ്തു. പൊലീസ് അവരെ നീക്കം ചെയ്യാൻ കണ്ണീർ വാതക ഷെല്ലുകളും ഗ്രനേഡുകളും പ്രയോഗിച്ചിരുന്നു. രണ്ട് മണിക്കൂർ നീണ്ട സംഘർഷത്തിനൊടുവിലാണ് ചിൻമോയ് ബ്രഹ്മചാരിയെ ജയിലിലടച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 

ധാക്കയിൽ നിന്ന് 300 കിലോമീറ്റർ അകലെ രംഗ്പൂർ നഗരത്തിൽ ന്യൂനപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്നായിരുന്നു ചിൻമോയ്യുടെ അറസ്റ്റെന്നാണ് വിവരം. മറ്റൊരു പരാതിയിൽ ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റവും ചുമത്തി കേസെടുത്തിട്ടുണ്ട്. അതേസമയം, ധാക്ക വിമാനത്താവളത്തിൽ  കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ തലസ്ഥാനമായ ധാക്ക ഉൾപ്പെടെ ബംഗ്ലാദേശിലുടനീളം ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു.

സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം അതീവ ജാഗ്രത തുടരുകയാണ്. ബംഗ്ലാദേശ് ചിറ്റഗോംഗിലും തലസ്ഥാനമായ ധാക്കയിലും അധിക സേനയെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ, അഭിഭാഷകന്റെ കൊലപാതകത്തെ ബംഗ്ലാദേശ് ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് അപലപിച്ചു.  കൊലപാതകത്തെക്കുറിച്ച് അന്വേഷണത്തിനും ഉചിതമായ നിയമനടപടിക്കും ഉത്തരവിട്ടിട്ടുണ്ട്. എന്ത് വിലകൊടുത്തും ബംഗ്ലാദേശിൽ സാമുദായിക സൗഹാർദം ഉറപ്പാക്കാനും ഉയർത്തിപ്പിടിക്കാനും ഇടക്കാല സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും യൂനുസ് പ്രസ്താവനയിൽ പറഞ്ഞു.

പാകിസ്താനിലെ പ്രക്ഷോഭം, സുരക്ഷാസേനയിലെ 5 പേർ കൊല്ലപ്പെട്ടു; ബുള്ളറ്റിന് മറുപടി ബുള്ളറ്റ് കൊണ്ടെന്ന് മന്ത്രി

click me!