ജപ്പാന് പിന്നാലെ ടിബറ്റിൽ വീണ്ടും ഭൂകമ്പം, റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി; ജാ​ഗ്രതാ നിർദ്ദേശം

By Web Desk  |  First Published Jan 14, 2025, 9:52 AM IST

120 ലധികം ആളുകൾ കൊല്ലപ്പെട്ട ഭൂകമ്പത്തിന് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ടിബറ്റിൽ ഭൂകമ്പം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Earthquake in Tibet 5.2 magnitude on the richter scale warning issued

ലാസ: കഴിഞ്ഞ ദിവസം ജപ്പാനിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ ടിബറ്റിലും ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 120 ലധികം ആളുകൾ കൊല്ലപ്പെട്ട ഭൂകമ്പത്തിന് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ടിബറ്റിൽ ഭൂകമ്പമുണ്ടാകുന്നത്. 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് നാഷണൽ സെൻ്റർ ഓഫ് സീസ്മോളജി അറിയിച്ചു. ഭൂകമ്പത്തിൻ്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ജപ്പാനിൽ വൻ ഭൂകമ്പമാണ് ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ക്യൂഷു മേഖലയിലാണ് റിപ്പോർട്ട് ചെയ്തത്. 37 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെൻ്റർ അറിയിച്ചിരുന്നു. ഹ്യൂഗ-നാഡ കടലിലാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തത്. പല പ്രദേശങ്ങളിലും അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. 

Latest Videos

അതേസമയം, ജനുവരി 7നാണ് ടിബറ്റിനെ പിടിച്ചുലച്ച വൻ ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയത് ഉൾപ്പെടെ ഒരു മണിക്കൂറിനുള്ളിൽ ആറ് ഭൂചലനങ്ങളാണ് തുടർച്ചയായി ഉണ്ടായത്. തുടക്കത്തിൽ ആളപായം കുറവാണെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, രക്ഷാപ്രവർത്തകർ നടത്തിയ വ്യാപക പരിശോധനകളിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും മറ്റും നിരവധി മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. 300ഓളം പേർക്കാണ് പരിക്കേറ്റത്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും ഈ സമയം ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.  

READ MORE: ശക്തമായ ഭൂകമ്പത്തിൽ വിറച്ച് ജപ്പാൻ; റിക്ടർ സ്കെയിലിൽ 6.9 തീവ്രത; ആശങ്കയേറ്റി സുനാമി മുന്നറിയിപ്പ്

vuukle one pixel image
click me!
vuukle one pixel image vuukle one pixel image