വേദിയിലെത്തി ബാൻഡ് അംഗങ്ങളെ അഭിവാദ്യം ചെയ്ത ശേഷം മിറിയം റോമിയോ സാന്‍റോസ് എന്ന ഗായകനെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു
ന്യൂയോര്‍ക്ക്: ഒരു സംഗീത നിശയില്‍ യുഎസ് ഗായകനെ ചുംബിക്കുകയും അത് ചിത്രീകരിക്കുകയും ചെയ്തതിന് ഭാര്യയോട് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്. ഡിസംബർ 28 ന് ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ബച്ചാറ്റ ബാൻഡ് അവഞ്ചുറയുടെ തത്സമയ പ്രകടനത്തിനിടെയാണ് മിറിയം ക്രൂസ് എന്ന യുവതി സ്റ്റേജില്‍ കയറി ഗായകനെ ചുംബിച്ചത്.
സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ കൂടിയായ മിറിയത്തെ ഗ്രൂപ്പിനൊപ്പം ഒരു ഗാനം ആലപിക്കാൻ സ്റ്റേജിലേക്ക് ക്ഷണിച്ചിരുന്നു. വേദിയിലെത്തി ബാൻഡ് അംഗങ്ങളെ അഭിവാദ്യം ചെയ്ത ശേഷം മിറിയം റോമിയോ സാന്‍റോസ് എന്ന ഗായകനെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. ടിക് ടോക്കിൽ ഏകദേശം 140,000 ഫോളോവേഴ്‌സ് ഉള്ള മിറിയം തന്നെയാണ് ഷോയ്ക്ക് ശേഷം ആ ബന്ധം തന്‍റെ വിവാഹ ബന്ധം തകര്‍ന്നുവെന്ന് പോസ്റ്റ് ചെയ്തത്.
തന്‍റെ കുടുംബത്തെ എങ്ങനെ ബാധിക്കുമെന്ന് പരിഗണിക്കാതെ അപ്പോഴത്തെ വികാരങ്ങളിൽ അടിപ്പെട്ടാണ് റോമിയോയെ ചുംബിച്ചതെന്ന് മിറിയം സോഷ്യല്‍ മീഡിയ പോസ്റ്റിൽ പറയുന്നു. എന്നാല്‍, ചുംബനം പത്ത് വര്‍ഷം നീണ്ട ദാമ്പത്യ ബന്ധം തകര്‍ത്തെങ്കിലും ദീർഘകാലമായി കാത്തിരുന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ടെന്നും മിറിയം പറഞ്ഞു.
ആ കലാകാരനെ അഭിനന്ദിക്കുക മാത്രമല്ല, മഹത്തായ മനുഷ്യനെ വിലമതിക്കുകയും ചെയ്യുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. പക്ഷേ, ഭര്‍ത്താവിനെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അതില്‍ വളരെ ഖേദിക്കുന്നുണ്ട്. വേർപിരിഞ്ഞെങ്കിലും മക്കൾക്ക് വേണ്ടി സമാധാനവും ഐക്യവും നിലനിർത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മിറിയം കൂട്ടിച്ചേര്‍ത്തു.