ആശുപത്രി കിടക്കകളെ നേരിട്ട് ശവപ്പെട്ടികളാക്കാനുള്ള സംവിധാനവുമായി വ്യവസായി
ബൊഗോട്ട: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മൃതദേഹ സംസ്കരണവും ശ്രമകരമായതോടെ ആശുപത്രി കിടക്കകളെ നേരിട്ട് ശവപ്പെട്ടികളാക്കാനുള്ള സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് കൊളമ്പിയയിയലെ ഒരു വ്യവസായി.
സംസ്കാരത്തിനായി കാത്തുകെട്ടിക്കിടക്കുന്ന കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇക്വഡോറിലെ ഏറ്റവും വലിയ നഗരമായ ഗ്വായക്വില്ലിലെ തെരുവുകള്‍. ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ കണ്ടാണ് കൊളമ്പിയയിലെ വ്യവസായി കിടക്കകളെ ശവപ്പെട്ടിയാക്കാനുള്ള സംവിധാനത്തെ കുറിച്ച് ആലോചിച്ചത്.
undefined
രണ്ട് മാസമായി ലോക്ക്ഡൗണിലാണ് കൊളമ്പിയ. എന്നാല്‍ കൊവിഡ് രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ് ആശുപത്രികള്‍. തന്‍റെ രാജ്യത്തിന്‍റെ കൈവിട്ട് കാര്യങ്ങള്‍ പോയാലോ എന്ന് ചിന്തയാണ് നൂതന ആശയത്തിലേക്ക് നയിച്ചത്. ഇതിനായി റുഡോള്‍ഫോ ഗോമസ് തന്‍റെ എബിസി ഡിസ്പ്ലേയ്സ് എന്ന കമ്പനിയിലൂടെ 'കാര്‍ഡ്ബോര്‍ഡ് ബെഡ് കഫിന്‍സ്' നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.
''ഇക്വഡോറില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമ്മള്‍ കാണുന്നുണ്ട്. മരിച്ചുപോയ കുടുംബാംഗങ്ങളുമായി തെരുവില്‍ നില്‍ക്കുകയാണ് അവര്‍. അവരുടെ സംസ്കാര സര്‍വ്വീസുകള്‍ കൊവിഡ് 19 ല്‍ തകര്‍ന്നു. അതുകൊണ്ടാണ് ശവപ്പെട്ടിയാക്കി മാറ്റാവുന്ന ബെഡുകള്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചത്. '' - 44 കാരനായ ഗോമസ്സ് പറഞ്ഞു. 150 കിലോഗ്രാം ഭാരം താങ്ങാനാകുന്നതാണ് ഈ കിടക്കകള്‍. 6,989 രൂപ മുതല്‍ 10,028 രൂപ വരെയാണ് മണ്ണില്‍ അലിഞ്ഞുചേരുന്ന ഈ കിടക്കയുടെ വില.
കുറഞ്ഞ വിലയില്‍ സാധാരണക്കാര്‍ക്കും ഉപയോഗപ്പെടുത്താനാകണമെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഗോമസ്സ് പറഞ്ഞു. മാസം 3000 കിടക്കകള്‍ ഉണ്ടാക്കാനാകുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ച, കൊളമ്പിയയിലെ ലെറ്റികയിലെ ആശുപത്രിയിലേക്കാണ് ആദ്യത്തെ കിടക്ക സംഭാവന ചെയ്യുകയെന്നും ഗോമസ്സ് വ്യക്തമാക്കി. പെറു, ചിലി, ബ്രസീല്‍, മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളിലുള്ളവരുമായും സംസാരിച്ചതായി ഗോമസ്സ് പറഞ്ഞു.