ചരിത്രത്തിലെ ഏറ്റവും താപനില ഏറിയ കാലത്തിനാണ് ലോകം സാക്ഷ്യം വഹിച്ചതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ബകു: ഐക്യരാഷ്ട്രസഭയുടെ 29ാമത് കാലാവസ്ഥ ഉച്ചകോടിക്ക് (സിഒപി- 29) തുടക്കമായി. അസർബൈജാൻ തലസ്ഥാനമായ ബകുവിലാണ് ഇക്കുറി ഉച്ചകോടി നടക്കുന്നത്. അമേരിക്കയടക്കം പല രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. കാർബൺ പുറന്തള്ളലിൽ മുന്നിൽ നിൽക്കുന്ന വികസിത രാജ്യങ്ങളാണ് ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരും വിട്ടുനിന്നു. യുഎസ്, ചൈന, ഫ്രാൻസ് തുടങ്ങി പ്രധാന രാജ്യങ്ങൾ വിട്ടുനിന്നതായി ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ പ്രസംഗത്തിൽ പറഞ്ഞു.
അതേസമയം, ബ്രിട്ടൻ പങ്കെടുത്തു. 2035ഓടെ മലിനീകരണം 81 ശതമാനം കുറക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിക്കുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും താപനില ഏറിയ കാലത്തിനാണ് ലോകം സാക്ഷ്യം വഹിച്ചതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. 200 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, വ്യവസായ പ്രമുഖർ, കാലാവസ്ഥാ ശാസ്ത്രജ്ഞർ, തദ്ദേശവാസികൾ, പത്രപ്രവർത്തകർ, മറ്റ് വിവിധ വിദഗ്ധർ, പങ്കാളികൾ എന്നിവർ നവംബർ 22 വരെ നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കും.
undefined
Read More... അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ; നാശനഷ്ടങ്ങളില്ലെന്ന് പെന്റഗൺ
ആഗോളതാപനം തടയുന്നതിനായി പദ്ധതി വികസിപ്പിക്കാൻ രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രതികൂല പ്രത്യാഘാതങ്ങൾ നേരിടാൻ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് കാലാവസ്ഥാ ധനസഹായം വർദ്ധിപ്പിക്കുന്നതിലും ഇക്കുറി ശ്രദ്ധ കേന്ദ്രീകരിക്കും.