'ലൈംഗികതയും വിവാഹവും കുട്ടികളും ഡേറ്റിങ്ങും വേണ്ട'; ട്രംപിന്റെ വിജയത്തിന് ശേഷം 4ബി മൂവ്മെന്റ് ശക്തിപ്പെടുന്നു

By Web Team  |  First Published Nov 9, 2024, 10:17 PM IST

2010കളിൽ സ്ത്രീകൾക്ക് നേരെ വ്യാപകമായ ആക്രമണം വർധിക്കുകയും സമൂഹത്തിൽ പുരുഷാധിപത്യ പ്രവണത ശക്തമാകുകയും ചെയ്ത സമയത്താണ് സോഷ്യൽമീഡിയയിൽ ഫെമിനിസ്റ്റ് സംഘടന 4ബി മൂവ്മെന്റിന് തുടക്കം കുറിക്കുന്നത്.


വാഷിങ്ടൺ: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിൻ്റെ വിജയത്തിന് പിന്നാലെ ലൈംഗികത, ഡേറ്റിംഗ്, വിവാഹം, കുട്ടികൾ എന്നിവ വേണ്ടെന്ന ആശയമുയർത്തി ഒരുവിഭാ​ഗം സ്ത്രീകൾ രം​ഗത്ത്. ദക്ഷിണ കൊറിയയിലാണ്  4B പ്രസ്ഥാനം ഉടലെടുത്തത്. ഡേറ്റിങ്, ലൈം​ഗികത, വിവാഹം, കുട്ടികൾ എന്നീ 4 ബൈ (കൊറിയൻ ഭാഷയിൽ ബൈ എന്ന വാക്കിനര്‍ഥം ഇല്ല എന്നാണ്)  എന്നിവ ബഹിഷ്കരിക്കുമെന്നാണ് സമരക്കാരുടെ മുന്നറിയിപ്പ്.

പുരുഷാധിപത്യത്തിനെതിരെയാണ് ദക്ഷിണ കൊറിയയിൽ 4ബി മൂവ്മെന്‍റ് ഉയര്‍ന്ന് വന്നത്. 2010കളിൽ സ്ത്രീകൾക്ക് നേരെ വ്യാപകമായ ആക്രമണം വർധിക്കുകയും സമൂഹത്തിൽ പുരുഷാധിപത്യ പ്രവണത ശക്തമാകുകയും ചെയ്ത സമയത്താണ് സോഷ്യൽമീഡിയയിൽ ഫെമിനിസ്റ്റ് സംഘടന 4ബി മൂവ്മെന്റിന് തുടക്കം കുറിക്കുന്നത്. സാമ്പത്തികരം​ഗത്തടക്കം വിവേചനം ശക്തമായിരുന്നു. ഈ ഘട്ടത്തിൽ പുരുഷന്മാരുമായുള്ള ഇടപഴകൽ കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ലൈം​ഗികത, വിവാഹം, ഡേറ്റിങ്, പ്രസവം എന്നീ കാര്യങ്ങളിൽ സ്ത്രീകൾ ഇല്ല എന്ന് പറയുകയുകയായിരുന്നു ലക്ഷ്യം. 

Latest Videos

undefined

4ബി മൂവ്മെന്റ് അമേരിക്കയിലേക്കും വ്യാപിക്കുകയാണ്. ട്രംപിന്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും സ്ത്രീവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് ഈ മൂവ്മെന്റ് ശക്തി പ്രാപിക്കുന്നത്. യുഎസ് തെരഞ്ഞെടുപ്പിന് ശേഷമുള്ള ദിവസങ്ങളിൽ ഗൂഗിൾ സെർച്ചുകൾ കുതിച്ചുയരുകയും സോഷ്യൽ മീഡിയയിൽ ഹാഷ്‌ടാഗ് ആരംഭിക്കുകയും ചെയ്‌തതോടെയാണ് 4 ബി പ്രസ്ഥാനത്തോടുള്ള താൽപ്പര്യം വർധിച്ചത്. ടിക്ടോക്, എക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകളിൽ നിരവധി യുവതികൾ ആശയം തിരയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

 48 മണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷം ആളുകളാണ് യുഎസിൽ 4ബി മൂവ്മെന്റിനെക്കുറിച്ച് തിരഞ്ഞത്. ​ഗർഭഛിദ്രമടക്കമുള്ള വിഷയങ്ങളിൽ ട്രംപിന്റെ നയമാണ് മൂവ്മെന്റിന് പിന്നിലെ കാരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ​ഗർഭഛിദ്രം അനുവ​ദിക്കുന്ന നിയമം അസാധുവാക്കാനുള്ള സുപ്രീം കോടതി തീരുമാനത്തെ സ്വാ​ഗതം ചെയ്തിരുന്നു.  ലിംഗസമത്വം തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായിരുന്നു. യുഎസിലെ സ്ത്രീ വോട്ടർമാരുടെ പിന്തുണ കമലാ ഹാരിസിന് ലഭിക്കുമെന്ന് കരുതിയെങ്കിലും തെറ്റി. 

click me!