ചന്ദ്രയാനും ആദിത്യയും പിന്നെ ഗഗന്‍യാനും, ഓസ്കറിലെ ഇരട്ടത്തിളക്കം, ഇന്ത്യ വെന്നിക്കൊടി പാറിച്ച 2023

By Web TeamFirst Published Dec 7, 2023, 5:32 PM IST
Highlights

ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ 2023ലെ ഇന്ത്യയുടെ പ്രധാനപ്പെട്ട അഞ്ച് നേട്ടങ്ങളിതാ...

രാജ്യത്തിന് അഭിമാനിക്കാന്‍, എന്നെന്നും ഓര്‍ത്തുവെയ്ക്കാന്‍ ഒട്ടേറെ ചരിത്ര നിമിഷങ്ങള്‍ സമ്മാനിച്ചാണ് 2023 വിടപറയാന്‍ ഒരുങ്ങുന്നത്. ചന്ദ്രയാന്‍ മുതല്‍ ഗഗന്‍യാന്‍ വരെ, ഓസ്കര്‍ തിളക്കം, ജി20 ആതിഥ്യം എന്നിങ്ങനെ എണ്ണമറ്റ പൊന്‍തൂവലുകള്‍. ബഹിരാകാശത്തേക്ക് ആളുകളെ അയക്കാനുള്ള കോപ്പുകൂട്ടലുകള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. ശാസ്ത്ര, കലാ, കായിക രംഗങ്ങളില്‍ രാജ്യം തല ഉയര്‍ത്തിപ്പിടിച്ച വര്‍ഷം. ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ 2023ലെ ഇന്ത്യയുടെ പ്രധാനപ്പെട്ട അഞ്ച് നേട്ടങ്ങളിതാ...

'ഇന്ത്യ, ഞാന്‍ ലക്ഷ്യ സ്ഥാനത്തെത്തി, നിങ്ങളും'

Latest Videos

ഇന്ത്യയുടെ പ്രതീക്ഷകള്‍ ആകാശത്തിനപ്പുറം ഉയര്‍ത്തിയാണ് എല്‍വിഎം3എം4 റോക്കറ്റിലേറി ചന്ദ്രയാന്‍-3 കുതിച്ചുയര്‍ന്നത്. 2023 ജൂലൈ 14നായിരുന്നു ഇത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് എന്ന അതിസങ്കീര്‍ണ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ, ദക്ഷിണധ്രുവത്തില്‍ പേടകം ഇറക്കുന്ന ആദ്യ രാജ്യം എന്ന റെക്കോര്‍ഡ് ഇന്ത്യയ്ക്ക് സ്വന്തം . 'ഇന്ത്യ, ഞാന്‍ ലക്ഷ്യ സ്ഥാനത്തെത്തി, നിങ്ങളും' എന്ന് ലാന്‍ഡറില്‍ നിന്നെത്തിയ സന്ദേശം ആമൂല്യമാണ്. ചന്ദ്രനില്‍ സ്വന്തമായി പേടകം ഇറക്കുന്ന നാലാമത്തെ രാജ്യം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ചന്ദ്രയാന്‍ 1ല്‍ നിന്നും ചന്ദ്രയാന്‍ 2ല്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്ത ചന്ദ്രയാന്‍ 3 ചാന്ദ്രപര്യവേഷണ രംഗത്ത് സൃഷ്ടിച്ചത് ചരിത്രമാണ്. ഇതിനകം ചന്ദ്രോപരിതലത്തിലെ താപവ്യതിയാനങ്ങളെ കുറിച്ച് ഉള്‍പ്പെടെ ഭാവിഗവേഷണങ്ങള്‍ക്ക് നിര്‍ണായകമാകുന്ന പല വിവരങ്ങളും ചന്ദ്രയാന്‍  നല്‍കിക്കഴിഞ്ഞു. 

സൂര്യരഹസ്യം തേടി ആദിത്യ

സൂര്യനെ അടുത്തറിയാനും വിവരങ്ങള്‍ ശേഖരിക്കാനുമായുള്ള ഇന്ത്യയുടെ ആദ്യ സൌരദൌത്യമാണ് ആദിത്യ എല്‍ 1. ഭൂമിയില്‍ നിന്ന് 800 കിലോമീറ്റര്‍ ഉയരെയുള്ള ഓര്‍ബിറ്റിലേക്ക് പിഎസ്എല്‍പി എക്സ് എല്‍ റോക്കറ്റുപയോഗിച്ചാണ് പേടകം വിക്ഷേപിച്ചത്. 100 ദിവസത്തെ യാത്രയ്ക്കൊടുവില്‍ പേടകം ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ എത്തി. ആദിത്യ അഞ്ച് വര്‍ഷം സൂര്യനെ നിരീക്ഷിക്കും. സൂര്യന്‍റെ അന്തരീക്ഷമായ കൊറോണ, സൌരവാതങ്ങള്‍, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍, സൂര്യന്‍റെ കാന്തികവലയം എന്നിവയെ കുറിച്ചെല്ലാം ആദിത്യ സസൂക്ഷ്മം പഠിക്കും. 

ആദ്യ പരീക്ഷണ കടമ്പ പിന്നിട്ട് സ്വപ്നപദ്ധതി ഗഗന്‍യാന്‍

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതിയാണ് ഗഗൻയാൻ. ഇന്ത്യയുടെ ഈ അഭിമാന ബഹിരാകാശ ദൗത്യത്തിന്റെ വിവിധ പരീക്ഷണ ഘട്ടങ്ങളിലൊന്നായ  ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ പൂർണ വിജയമായി. ദൗത്യത്തിനിടെ ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ക്രൂ എസ്കേപ് സിസ്റ്റത്തിന്റെ ആദ്യ പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. രണ്ടോ മൂന്നോ വർഷങ്ങൾക്കകം മനുഷ്യനെ ബഹിരാകാത്ത് എത്തിക്കുകയാണ് ലക്ഷ്യം. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് പേടകം എത്തിക്കുക. 

അഭിമാന നിമിഷം, ജി20യിലെ സംയുക്ത പ്രസ്താവന

കടുത്ത വെല്ലുവിളികള്‍ക്കിടെ ഇന്ത്യ ആതിഥ്യമരുളിയ ജി20 ഉച്ചകോടിയില്‍ നിർണായക ചർച്ചകളും പ്രഖ്യാപനങ്ങളുമുണ്ടായി. ദില്ലിയിലാണ് ഉച്ചകോടി നടന്നത്. യുദ്ധമുണ്ടാക്കിയ വിശ്വാസരാഹിത്യം പരിഹരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തോടെയാണ്  ജി20 ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കം കുറിച്ചത്. സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടായി. യുക്രെയിന്‍ വിഷയത്തിലെ സംയുക്ത പ്രഖ്യാപനം പ്രതിപക്ഷ നേതാക്കളുടെ വരെ പ്രശംസ പിടിച്ചുപറ്റി. വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി 200 മണിക്കൂറോളം ചര്‍ച്ച നടത്തിയും റഷ്യയെയും ചൈനയെയും വരെ ഈ സമാവയത്തിലേക്ക് നയിച്ചുമാണ് സംയുക്ത പ്രഖ്യാപനം ഇന്ത്യ സാധ്യമാക്കിയത്. 

ഓസ്കറില്‍ ഇന്ത്യയ്ക്ക് ഇരട്ടി തിളക്കം

ഓസ്‍കർ  2023 വേദിയിൽ ഇത്തവണ ഇരട്ട നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. 'ദ എലഫന്റ് വിസ്‍പറേഴ്‍സ്' ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനം ഒറിജിനില്‍ സോംഗ് വിഭാഗത്തിലും ഓസ്‍കര്‍ നേടി. രാജമൌലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനത്തിനായി സംഗീത സംവിധായകന്‍ എം എം കീരവാണിയും രചയിതാവ് ചന്ദ്രബോസും പുരസ്കാരം ഏറ്റുവാങ്ങി. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും നാട്ടു നാട്ടു സ്വന്തമാക്കിയിട്ടുണ്ട്. മനുഷ്യന്റെയും ആനയുടെയും ആത്മബന്ധത്തിന്റെ കഥ പറഞ്ഞ എലിഫന്‍റ് വിസ്പേഴ്സ് കാര്‍ത്തികി ഗോണ്‍സാല്‍വെസ് ആണ് സംവിധാനം ചെയ്തത്. ഗുനീത് മോംഗയായിരുന്നു നിര്‍മാണം. 

click me!