എടിഎം മോഷണം: പ്രതികൾ ഹരിയാനക്കാർ, രക്ഷപ്പെടാൻ അടവ് പതിനെട്ടും പയറ്റി; പിടിച്ചതെങ്ങനെയെന്ന് വിശദീകരിച്ച് ഡിഐജി

By Web TeamFirst Published Sep 27, 2024, 5:35 PM IST
Highlights

പിടിയിലായവരിൽ ഏഴ് പ്രതികൾ ഹരിയാന സ്വദേശികളാണെന്ന് വ്യക്തമായി. അഞ്ച് പേർ പൾവാർ ജില്ലക്കാരാണെന്നും രണ്ട് പേർ നൂഹ് ജില്ലക്കാരാണെന്നും പൊലീസ് പറഞ്ഞു

സേലം:  തൃശൂരിലെ മൂന്ന് എടിഎം സെന്ററുകളിൽ നിന്ന് പണം മോഷ്ടിച്ച് കടന്ന പ്രതികൾ ഹരിയാനക്കാരാണെന്ന് സേലം ഡിഐജി. വാഹന പരിശോധന വെട്ടിച്ച് പാഞ്ഞ കണ്ടെയ്നർ നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചാണ് മുന്നോട്ട് പോയത്. പിടിയിലായ ശേഷവും രക്ഷപ്പെടാൻ ശ്രമം നടത്തിയ പ്രതികൾക്കെതിരെ പൊലീസിന് ആക്രമിച്ചതിന് അടക്കം കേസെടുക്കുമെന്ന് ഡിഐജി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

രാവിലെ കേരളാ പോലീസിൽ നിന്ന് വിവരം കിട്ടിയപ്പോൾ വിവിധ സംഘങ്ങളായി പരിശോധന തുടങ്ങിയെന്ന് സേലം ഡിഐജി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കണ്ടെയ്നർ ലോറിയിലാണ് പ്രതികൾ എന്ന വിവരം 8:45ന് ലഭിച്ചു. തുടർന്ന് കുമാരപാളയം ജംഗ്ഷൻ ബൈപാസിൽ വച്ച് പൊലീസ് സംഘം വാഹനം കൈ കാണിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വേഗത്തിൽ മുന്നോട്ട് പോയി. പിന്തുടർന്നപ്പോൾ അടുത്ത ടോൾ ഗേറ്റിന് അടുത്ത് വച്ച് ലോറി തിരിച്ച് അടുത്ത വഴിയിലേക്ക് പോകാൻ ശ്രമിച്ചു. ഇതിനിടെ നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചുവെന്നും ഡിഐജി പറയുന്നു.

Latest Videos

പിന്തുടർന്ന് പോയ പൊലീസ് 10:45ന്  സന്യാസിപ്പെട്ടിയിൽ വച്ച് വാഹനം നിർത്തി ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കണ്ടെയ്നറിൽ മുന്നിൽ നാല് പേർ ഇരിക്കുന്നുണ്ടായിരുന്നു. അവരെയും കസ്റ്റഡിയിൽ എടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു. വഴിയിൽ വച്ച് ലോറിയുടെ ഉള്ളിൽ എന്തോ ഉണ്ടെന്ന് സംശയം തോന്നി. ഭാരം ഉള്ള വസ്തു ഇടിക്കുന്ന പോലെ തോന്നി. അതിനാൽ ലോറി നിർത്തി തുറന്നു പരിശോധിക്കാൻ ശ്രമിച്ചു . അപ്പോഴാണ് അകത്ത് കാറും 2 പേരും ഉണ്ടെന്ന് കണ്ടതെന്നും ഡിഐജി പറഞ്ഞു.

എന്നാൽ കണ്ടെയ്നർ തുറന്നതും ഉള്ളിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടാൻ ശ്രമിച്ചു. ഇതോടെ അവരെ കീഴ്പ്പെടുത്തി. ഇതിനിടയിലാണ് ഡ്രൈവർ ഇൻസ്‌പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചത്. അയാളെ വെടി വച്ച് വീഴ്ത്തേണ്ടി വന്നുവെന്നും ഡിഐജി പറഞ്ഞു. ക്രെറ്റ കാർ കേരളത്തിൽ വച്ച് തന്നെ കണ്ടെയ്നരിന്റെ ഉള്ളിൽ കയറ്റി. ഇതിനകത്ത് നിരവധി വ്യാജ നമ്പർ പ്ലേറ്റുകളും കണ്ടെത്തി. 

പിടിയിലായവരിൽ ഏഴ് പ്രതികൾ ഹരിയാന സ്വദേശികളാണെന്ന് വ്യക്തമായി. അഞ്ച് പേർ പൾവാർ ജില്ലക്കാരാണെന്നും രണ്ട് പേർ നൂഹ് ജില്ലക്കാരാണെന്നും പൊലീസ് പറഞ്ഞു. എസ്ബിഐ എടിഎമ്മിൽ പണം ഇടക്കിടെ നിറയ്ക്കുമെന്ന് കരുതിയാണ് പ്രതികൾ ഇവ ലക്ഷ്യമിട്ടത്. ഗൂഗിൾ മാപ്പ് നോക്കിയാണ് എടിഎം കണ്ടെത്തിയത്. നൂഹ് ജില്ലകാർ അടുത്തിടെ കൃഷ്ണഗിരി ജില്ലയിൽ എടിഎം മോഷണം നടത്തിയിട്ടുണ്ട്. പ്രതികളുടെ പക്കൽ നിന്നും പിടികൂടിയ പണം എണ്ണിത്തിട്ടപ്പെടുത്തിയില്ല. പോലീസുകാരെ ആക്രമിച്ചതിലും വാഹനങ്ങൾ ഇടിച്ചു തകർത്തതിലും അടക്കം തമിഴ്നാട്ടിൽ കേസ് എടുക്കുന്നുണ്ട്. അതിന്റെ നടപടി കൂടി കഴിഞ്ഞ് കേരള പൊലീസിന് കൈമാറും. പരിക്കേറ്റ ആൾ ആശുപത്രിയിൽ തുടരുകയാണ്. മറ്റുള്ളവരെ ചോദ്യം ചെയ്യുമെന്നും ഡിഐജി പറഞ്ഞു.
 

click me!