സംഭവിച്ചത് മനസിലായത് വൈറലായ വീഡിയോ കണ്ടപ്പോൾ മാത്രമെന്ന് മധ്യപ്രദേശിൽ വെടിയേറ്റ് മരിച്ച ഭർത്താവ് കിടന്ന സർക്കാർ ആശുപത്രിയിലെ കിടക്ക വൃത്തിയാക്കേണ്ടി വന്ന അനുഭവത്തേക്കുറിച്ച് ഗർഭിണിയായ യുവതിയുടെ പ്രതികരണം
ഭോപ്പാൽ: ആ സമയത്ത് തനിക്ക് മുന്നിലൊന്നും കാണാനില്ലായിരുന്നുവെന്നും വൈറലായ വീഡിയോ കണ്ടതോടെയാണ് എത്തരമൊരു അവസ്ഥയിലൂടെയാണ് കടന്ന് പോയതെന്നും സർക്കാർ ആശുപത്രിയിലെ ഭർത്താവ് കിടന്ന കിടക്കയിലെ രക്തം വൃത്തിയാക്കേണ്ടി വന്ന യുവതി. ദീപാവലി ആഘോഷിക്കാൻ പെൺ മക്കളുമായി ഭർത്താവിനെ കാത്തിരുന്ന ഗർഭിണിയായ യുവതി നേരിട്ടത് സമാനതകളില്ലാത്ത വേദനകളായിരുന്നു. മധ്യപ്രദേശിലെ ദിൻഡോരിയിലാണ് ഗർഭിണിയായ യുവതിയേക്കൊണ്ട് വെടിയേറ്റ് മരിച്ച ഭർത്താവ് കിടന്ന കിടക്ക ആശുപത്രി അധികൃതർ വൃത്തിയാക്കിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ ആരോഗ്യവകുപ്പ് ആശുപത്രി ജീവനക്കാരിൽ നിന്ന് വിശദീകരണം തേടിയിരുന്നു.
വ്യാഴാഴ്ച വൈകുന്നേരമാണ് 31കാരിയായ റോഷ്ണിയുടെ ഭർത്താവിനും ഭർതൃ സഹോദരങ്ങൾക്കും സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ബന്ധുക്കൾ ആക്രമിച്ചത്. വെടിയേറ്റും കോടാലി കൊണ്ടുമുള്ള വെട്ടേറ്റും പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ റോഷ്ണിയുടെ ഭർത്താവ് ശിവരാജ് മരാവി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്നു ഈ നാൽപതുകാരൻ. 2016ൽ ബന്ധുക്കളുടെ എതിർപ്പ് മറികടന്നാണ് റോഷ്ണിയും ശിവരാജും വിവാഹിതരാവുന്നത്. ഈ ബന്ധത്തിൽ രണ്ട് പെൺമക്കളുള്ള റോഷ്ണി നിലവിൽ അഞ്ച് മാസം ഗർഭിണിയാണ്. സ്ഥലത്തേച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ശിവരാജിനും സഹോദരന്മാർക്കും കോടതി ഉത്തരവ് അനുസരിച്ച് ലഭിച്ച ഭൂമിയിൽ ഗോതമ്പ് വിതച്ചത് വിളവെടുക്കാനുള്ള ശ്രമത്തിനിടയിലാണ് നേരത്തെ ഈ സ്ഥലം കൈക്കലാക്കി വച്ചിരുന്ന ബന്ധുക്കളെ പ്രകോപിപ്പിച്ചത്. വൈകുന്നേരം ഗോതമ്പ് പാടത്ത് എത്തിയ ശിവരാജ്, സഹോദരൻ രഘുരാജ്, പിതാവ് ധരംസിംഗ് എന്നിവരെ 25ഓളം പേരടങ്ങുന്ന ബന്ധുക്കൾ കൂടിയായ അക്രമി സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ശിവരാജിന്റെ മറ്റൊരു സഹോദരനായ ധരം സിംഗ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
കൺമുന്നിൽ ഭർത്താവ് മരിക്കുന്നത് കാണേണ്ടി വന്ന റോഷ്ണിയോട് ഭർത്താവ് കിടന്ന കിടക്കയിലെ രക്തവും മറ്റും മാറ്റാൻ ആശുപത്രി ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. ഭർത്താവ് അടക്കം കുടുംബത്തിലെ പുരുഷന്മാരെല്ലാം ഗുരുതരമായ പരിക്കേറ്റ് കിടക്കുന്നത് കണ്ട് ഭയന്ന് തളർന്നിരുന്ന അവസ്ഥയിൽ ആശുപത്രി ജീവനക്കാരുടെ നിർദ്ദേശം അനുസരിച്ചെങ്കിലും എന്താണ് ചെയ്തതെന്ന് പിന്നീട് വൈറലായ വീഡിയോ കണ്ട സമയത്താണ് മനസിലായതെന്നാണ് റോഷ്ണി സംഭവത്തേക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചത്. കൺമുന്നിൽ എല്ലാം മങ്ങിയ അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. ഉറ്റവരെല്ലാം പോയതോടെ തന്റെയും കുഞ്ഞുങ്ങളുടേയും സുരക്ഷയേക്കരുതി ഭയന്ന അവസ്ഥയിലാണ് താനുണ്ടായിരുന്നതെന്നും യുവതി പറയുന്നത്.
യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായത്. സംഭവത്തിൽ രണ്ട് നഴ്സുമാരെ സസ്പെൻഡ് ചെയ്യുകയും ഡോക്ടറെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം