അയൽവാസിയ്ക്ക് വന്ന കൊറിയർ ഇവരുടെ നിർദ്ദേശം അനുസരിച്ച് വാങ്ങിവച്ച യുവതി അയൽവാസി നിർബന്ധിച്ചതിനാലാണ് ചൈനീസ് നിർമ്മിത ഉപകരണം പ്രവർത്തിപ്പിച്ചത്
ബാഗൽകോട്ട്: മുടി ഉണക്കാൻ ഉപയോഗിക്കുന്ന ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിക്ക് ഇരു കൈപ്പത്തികളും നഷ്ടമായി. കർണാടകയിലെ ബാഗൽകോട്ടിൽ ബുധനാഴ്ചയുണ്ടായ അപകടത്തിലാണ് ബാസമ്മ യാരനാൽ എന്ന യുവതിക്ക് കൈപ്പത്തികളും നഷ്ടമായത്. ഇൽക്കൽ നഗരത്തിൽ വച്ചാണ് അപകടമുണ്ടായത്. പൊട്ടിത്തെറിക്ക് പിന്നാലെ യുവതിയുടെ വിരലുകൾ ചിതറിത്തെറിച്ച നിലയിലായിരുന്നു.
അയൽവാസിയെ സഹായിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു അപകടം. അയൽവാസിയായ ശശികലയ്ക്ക് എത്തിയ കൊറിയർ വാങ്ങി വയ്ക്കാൻ ബാസമ്മയോട് ശശികല ആവശ്യപ്പെട്ടിരുന്നു. ഡിറ്റിഡിസി കൊറിയർ മുഖേനയായിരുന്നു ശശികലയ്ക്ക് കൊറിയർ എത്തിയത്. കൊറിയർ ജീവനക്കാർ ശശികലയെ വിളിച്ച സമയത്ത് ഇവർ വീട്ടിലുണ്ടായിരുന്നില്ല. ഇതോടെ ശശികല ബാസമ്മയെ വിളിച്ച് കൊറിയർ വാങ്ങി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.
സൈനികരുടെ വിധവകളാണ് ഇരു യുവതികളും. ശശികല ഉപകരണം പ്രവർത്തിച്ച് നോക്കാൻ നിർബന്ധിച്ചതിന് പിന്നാലെ ഉപയോഗിക്കുന്നത് കാണിക്കാനായി ബാസമ്മ ഉപകരണം പ്ലഗിൽ കുത്തി ഓൺ ചെയ്തു. എന്നാൽ സെക്കൻഡുകൾക്കുള്ളിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിക്കുകയും ബാസമ്മയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. പിന്നാലെ തന്നെ ബാസമ്മയെ ഇൽക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇൽക്കൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്.
എന്നാൽ ഹെയർ ഡ്രയർ താൻ ഓർഡർ ചെയ്തതല്ലെന്നാണ് ശശികല പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ഇതിന് പിന്നാലെ ഓർഡർ ചെയ്തത് ആരാണെന്നും പണം നൽകിയത് ആരാണെന്നും കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. അതേസമയം യൂസർ മാനുവൽ അനുസരിച്ചല്ല ഉപകരണം പ്രവർത്തിപ്പിച്ചിട്ടുള്ളതെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിശദമാക്കുന്നത്. നിർദ്ദേശിച്ചതിലും അധികം വോൾട്ടേജ് കറന്റിലാണ് ഉപകരണം പ്രവർത്തിപ്പിച്ചത്. ചൈനീസ് നിർമ്മിതമായ കെയ്മെയ് എന്ന കമ്പനിയുടെ ഉപകരണമാണ് പൊട്ടിത്തെറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം