ഒരു കുട്ടിയെ ഒരുമിച്ച് വളർത്താനുള്ള ദമ്പതികളുടെ ആഗ്രഹമാണ് കൃത്യത്തിന് പിന്നിലെന്നും കോടതി നിരീക്ഷിച്ചു. മാർച്ച് 24 നാണ് പെൺകുട്ടിയെ കാണാതായത്.
മുംബൈ: കുഞ്ഞ് വേണമെന്ന ആഗ്രഹത്താൽ അഞ്ച് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ലെസ്ബിയൻ ദമ്പതികൾക്ക് ജാമ്യം നൽകി കോടതി. മാതാപിതാക്കളാകാനുള്ള ആഗ്രഹം നിറവേറ്റാൻ ദമ്പതികൾ നിയമവിരുദ്ധമായ മാർഗം സ്വീകരിച്ചുവെങ്കിലും നിലവിൽ എട്ട് മാസം ജയിലിൽ കഴിഞ്ഞ കാരണം ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഒരു കുട്ടി വേണമെന്ന ആഗ്രഹം നിറവേറ്റാൻ ദമ്പതികൾ നിയമവിരുദ്ധമായ സമീപനമാണ് സ്വീകരിച്ചതെന്ന് പറയാം. കൂട്ടുപ്രതികളായവർക്ക് ഇവർ 9000 രൂപ നൽകി കുഞ്ഞിനെ സ്വന്തമാക്കിയതെന്നത് വസ്തുതയാണ്. എന്നാൽ, സ്വവർഗ ദമ്പതികൾ നിർഭാഗ്യവശാൽ സമൂഹത്തിൽ, പ്രത്യേകിച്ച് ജയിലിൽ പരിഹാസത്തിന് വിധേയരാകുന്നുണ്ടെന്ന് ജസ്റ്റിസ് മനീഷ് പിതാലെ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിയമവിരുദ്ധമായി സ്വന്തമാക്കിയ സ്വവർഗ ദമ്പതികൾക്കെതിരെ പ്രഥമദൃഷ്ട്യാ ശക്തമായ കേസ് നിലവിലുണ്ടെങ്കിലും കുട്ടിയെ ചൂഷണം ചെയ്തതായി തെളിവുകളൊന്നുമില്ലെന്നും കോടതി വ്യക്തമാക്കി.
ഒരു കുട്ടിയെ ഒരുമിച്ച് വളർത്താനുള്ള ദമ്പതികളുടെ ആഗ്രഹമാണ് കൃത്യത്തിന് പിന്നിലെന്നും കോടതി നിരീക്ഷിച്ചു. മാർച്ച് 24 നാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയെ അവസാനമായി സ്ത്രീക്കൊപ്പമാണ് കണ്ടതെന്ന് ആരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ എഫ്ഐആർ ഫയൽ ചെയ്തു. അടുത്ത ദിവസം ദമ്പതികളുടെ വീട്ടിൽ കുട്ടിയെ പൊലീസ് കണ്ടെത്തി. ഒരു ദശാബ്ദക്കാലമായി ലിവ്-ഇൻ ബന്ധത്തിലുള്ള ദമ്പതികൾ കുട്ടിയെ നൽകാൻ കൂട്ടുപ്രതികൾക്ക് 9,000 രൂപ നൽകി. മറ്റ് മൂന്ന് പേരും കേസിൽ പ്രതികളാണ്. അറസ്റ്റിലായതു മുതൽ ദമ്പതികൾ കസ്റ്റഡിയിലായിരുന്നു.