4 മാസം മാത്രം പ്രായമുള്ള മാനസിക വെല്ലുവിളിയുള്ള മകനുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു യുവതി ജാമ്യം നേടിയത്. എന്നാൽ അവകാശവാദം തെറ്റാണെന്ന് പിന്നീട് കണ്ടെത്തി. 16 വർഷത്തെ ഒളിവിനൊടുവിലാണ് യുവതി കുടുങ്ങിയത്
ദില്ലി: ബലാത്സംഗത്തിന് പ്രേരിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയ യുവതി ജാമ്യത്തിലിറങ്ങി. 16 വർഷത്തിന് ശേഷം പൊലീസ് യുവതിയെ കണ്ടെത്തിയത് ആറാമത്തെ വിലാസത്തിൽ നിന്ന്. 2008 ഫെബ്രുവരിയിൽ ആണ് 30കാരിയെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ പ്രേരിപ്പിച്ച കുറ്റത്തിന് 7 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. മാനസിക വെല്ലുവിളികൾ നേരിടുന്ന ഒരു വയസുകാരനായ മകനുണ്ടെന്ന് പരിഗണിച്ച് കോടതി ജാമ്യം അനുവദിച്ച യുവതി പിന്നീട് പൊലീസിന് കണ്ടെത്താനായിരുന്നില്ല. 2008 മെയ് 7നായിരുന്നു യുവതി ജയിലിലേക്ക് എത്തേണ്ടിയിരുന്നത്.
നിലവിൽ 46 വയസുള്ള യുവതി 16 വർഷമായി മകനൊപ്പം പൊലീസ് പറ്റിച്ച് മുങ്ങി നടക്കുകയായിരുന്നു. ഇതിനിടയിൽ ഇവർ വീണ്ടും വിവാഹം ചെയ്യുകയും ചെയ്തിരുന്നു. ഡിസംബർ ആറിനാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. ദില്ലിയിലെ വീടിന് സമീപത്തെ പാർക്കിൽ നിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. തുടർച്ചയായി പൊലീസിനെ കബളിപ്പിക്കാൻ വിലാസം മാറ്റിക്കൊണ്ടിരുന്ന യുവതിയുടെ ആറാമത്തെ വിലാസത്തിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. ശിക്ഷിക്കപ്പെടുമ്പോൾ ഇവരുടെ മകന്റെ പ്രായം വെറും നാല് മാസമായിരുന്നു. ജാമ്യം നൽകാനായി കോടതി കണക്കിലെടുത്തതും ഇതായിരുന്നു. എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ മകന് മാനസികാരോഗ്യ തകരാറില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ഇതോടെയാണ് യുവതിയേ കണ്ടെത്തിയേ തീരൂവെന്ന് പൊലീസും ഉറപ്പിച്ചത്. മകന്റെ പേരും വിവരവും അടക്കമുള്ളവ മാറ്റിയായിരുന്നു ഇവരുടെ ഒളിവിലെ താമസം. കൂടെയുണ്ടായിരുന്നവർക്ക് പോലും സംശയം തോന്നാത്ത രീതിയിലായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. 2005ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാനായി സുഹൃത്തിന്റെ വീട്ടിലെ മുറിയിലെത്തിച്ച് പൂട്ടിയിട്ടതാണ് യുവതിയുടെ മേലുള്ള കുറ്റം. അടുത്തിടെ ജാമ്യത്തിലിറങ്ങി മുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമാക്കിയതാണ് യുവതിയെ കുടുക്കിയത്.
undefined
യുവതിയുടെ ബന്ധുക്കളെ പിന്തുടർന്നാണ് നന്ദ് നാഗ്രിയിൽ താമസിക്കുന്ന യുവതിയിലേക്ക് പൊലീസ് സംഘം എത്തിയത്. പുതിയ പേരുകളിൽ ആധാറും തിരിച്ചറിയൽ കാർഡും പൊലീസ് ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മാനസിക വെല്ലുവിളികളുണ്ടെന്ന് കോടതിയെ തെറ്റിധരിപ്പിക്കാൻ യുവതി ഉപയോഗിച്ച മകനും യുവതിക്കൊപ്പമാണ് താമസം. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം