ബീച്ച് കാണാനെത്തിയ വിദ്യാർഥിനികൾ ലൈഫ് ഗാർഡിന്‍റെ മുന്നറിയിപ്പ് വകവെക്കാതെ കടലിൽ ഇറങ്ങി. 7 വിദ്യാർഥിനികളാണ് തിരയിൽപ്പെട്ട് മുങ്ങിത്താഴ്ന്നത്.
ബെംഗളൂരു: സ്കൂൾ വിനോദയാത്രക്ക് പോയ സംഘത്തിലെ നാല് വിദ്യാർഥിനികൾ കടലിൽ മുങ്ങി മരിച്ചു. ഉത്തരകന്നഡ മുരഡേശ്വറിലാണ് ദാരുണമായ അപകടം സംഭവിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെ കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിനികളാണ് കടലിൽ മുങ്ങി മരിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക എന്നിവരാണ് കടലിൽ ഇറങ്ങവേ തിരയിൽപ്പെട്ടത്. എല്ലാവർക്കും 15 വയസാണ്. മരണപ്പെട്ട നാല് വിദ്യാർഥിനികളുടേയും കുടുംബങ്ങൾക്ക് 5 ലക്ഷം വീതം മുഖ്യമന്ത്രി സിദ്ധരാമയ്യ ധനസഹായം പ്രഖ്യപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് 46 വിദ്യാർഥികളുടെ സംഘമാണ് അധ്യാപകർക്കൊപ്പം മുരുഡേശ്വറിൽ എത്തിയത്. ബീച്ച് കാണാനെത്തിയ വിദ്യാർഥിനികൾ ലൈഫ് ഗാർഡിന്‍റെ മുന്നറിയിപ്പ് വകവെക്കാതെ കടലിൽ ഇറങ്ങി. 7 വിദ്യാർഥിനികളാണ് തിരയിൽപ്പെട്ട് മുങ്ങിത്താഴ്ന്നത്. മൂന്ന് പേരെ ലൈഫ് ഗാർഡും പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് കരയ്ക്കെത്തിച്ചു. എന്നാൽ 4 പേരെ തിരയിൽപ്പെട്ട് കാണാതിയ ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടും ബാക്കി 2 വിദ്യാർഥിനികളുടെ മൃതദേഹം ഇന്നലെ രാവിലെയുമാണ് കണ്ടെത്താനായത്.
അധ്യാപകർ മുൻകരുതലെടുക്കാഞ്ഞതും ലൈഫ് ഗാർഡുമാരുടെ നിർദ്ദേശം അവഗണിച്ച് കടലിലേക്ക് ഇറങ്ങിയതുമാണ് 4 വിദ്യാർഥിനികളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് ഉത്തരകന്നഡ എസ്പി എം നാരായണ പറഞ്ഞു. വിനോദസഞ്ചാരത്തിന് വിദ്യാർഥികളെ കൊണ്ടുന്ന ആറ് അധ്യാപകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. അപകടകരമായ സ്ഥലങ്ങളിലേക്ക് വിനോദ യാത്രകൾ സംഘടിപ്പിക്കുമ്പോൾ കർശന നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജാഗ്രത വേണമെന്നും എസ്പി പറഞ്ഞു.
Read More : മുക്കുപണ്ടം പണയം വെച്ചും വാഹനങ്ങൾ വാടകക്കെടുത്ത് മറിച്ചു വിറ്റും തട്ടിപ്പ്; ഒളിവിലായിരുന്ന യുവതി പിടിയിൽ