റെയിൽവേ ജീവനക്കാരനെ പാമ്പ് കടിച്ചു, തിരിച്ച് കടിച്ച് യുവാവ്, പാമ്പ് ചത്തു, 35കാരൻ രക്ഷപ്പെട്ടു

By Web TeamFirst Published Jul 5, 2024, 1:19 PM IST
Highlights

ബിഹാറിലെ രജൌലി മേഖലയിൽ റെയിൽവേ പാളങ്ങൾ ഇടുന്ന ജോലിക്കിടെയാണ് റെയിൽവേ ജീവനക്കാരനായ സന്തോഷ് ലോഹാറിനെ പാമ്പ് കടിച്ചത്

പട്ന: കടിച്ച പാമ്പിനെ കൊണ്ട് വിഷമിറപ്പിക്കുക എന്നൊരു ശൈലി പലപ്പോഴും കേട്ടിട്ടുള്ളതാണ്. ശൈലിക്ക് പാമ്പുമായി ബന്ധമൊന്നും ഇല്ലെന്നതാണ് വസ്തുതയെങ്കിലും കടിച്ച പാമ്പിനെ തിരികെ കടിച്ച് കൊന്നിരിക്കുകയാണ് ബിഹാറിൽ ഒരു യുവാവ്. ഒരു തവണ കടിച്ച പാമ്പിനെ തിരികെ രണ്ട് തവണയാണ് യുവാവ് കടിച്ചത്. യുവാവിന്റെ കടിയേറ്റ പാമ്പ് ചത്തെങ്കിലും പാമ്പ് കടിയേറ്റ യുവാവ് രക്ഷപ്പെടുകയായിരുന്നു. 

ബിഹാറിലെ രജൌലി മേഖലയിൽ റെയിൽവേ പാളങ്ങൾ ഇടുന്ന ജോലിക്കിടെയാണ് റെയിൽവേ ജീവനക്കാരനായ സന്തോഷ് ലോഹാറിനെ പാമ്പ് കടിച്ചത്. വനമേഖലയാണ് ഈ ഭാഗം. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാളെ പാമ്പ് കടിച്ചത്. കടിയേറ്റ ഉടനെ ഇയാൾ പാമ്പിനെ തിരികെ കടിക്കുകയായിരുന്നു. പ്രാദേശികമായി പാമ്പിനെ തിരികെ കടിച്ചാൽ വിഷമേൽക്കില്ലെന്ന വിശ്വാസത്തിലാണ് തിരികെ കടിച്ചതെന്നാണ് യുവാവ് പ്രാദേശിക മാധ്യമങ്ങളോട്  പ്രതികരിക്കുന്നത്. 

Latest Videos

പ്രാദേശിക ചൊല്ലിന്റെ സത്യാവസ്ഥ അറിയുന്നതിന് മുൻപ് തന്നെ സഹപ്രവർത്തകർ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ വച്ച് തക്ക സമയത്ത് ചികിത്സ ലഭിച്ച 35കാരൻ രക്ഷപ്പെടുകയായിരുന്നു. എന്നാൽ യുവാവിന്റെ കടിയേറ്റ പാമ്പ് ചത്തു. രാജ്യത്ത് ഓരോ വർഷവും അൻപതിനായിരത്തോളം ആളുകൾ പാമ്പ് കടിയേറ്റ് മരിക്കുന്നതായാണ് കണക്കുകൾ. ഇതിൽ ഏറിയ പങ്കും അണലി, മൂർഖൻ, ശംഖുവരയൻ വിഭാഗത്തിലുള്ള പാമ്പുകളുടെ കടിയേറ്റാണ്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!