കുടുങ്ങിയത് 6015 മീറ്റർ ഉയരത്തിൽ, 80 മണിക്കൂർ രക്ഷാപ്രവർത്തനം; ചൗഖംബ കൊടുമുടിയിൽ നിന്ന് യുവതികളെ രക്ഷിച്ചു

By Web Team  |  First Published Oct 6, 2024, 3:58 PM IST

ഒക്ടോബർ മൂന്ന് മുതലാണ് ഇരുവരെയും കാണാതായത്. 80 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് രക്ഷിച്ചത്.  


ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയിലെ ചൗഖംബ കൊടുമുടിയിൽ ട്രക്കിംഗിനിടെ 6,015 മീറ്റർ ഉയരെ കുടുങ്ങിയ രണ്ട് വനിതാ പർവതാരോഹകരെ രക്ഷപ്പെടുത്തി. 80 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് രക്ഷിച്ചത്. അമേരിക്കയിൽ നിന്നുള്ള മിഷേൽ തെരേസ ഡ്വോറക്ക് (23) ബ്രിട്ടനിൽ നിന്നുള്ള ഫാവ് ജെയ്ൻ മാനേഴ്സ് (27) എന്നിവരെയാണ് വ്യോമസേന രക്ഷപ്പെടുത്തിയത്. ഒക്ടോബർ മൂന്ന് മുതലാണ് ഇവരെ കാണാതായത്.   

ഇന്ത്യൻ പർവതാരോഹണ പരിശീലന അസോസിയേഷന്‍റെ അനുമതിയോടെയാണ് ഇരുവരും ട്രക്കിംഗ് തുടങ്ങിയത്. ഒക്‌ടോബർ 3 ന് പർവതാരോഹണത്തിനിടെ ഇരുവരുടെയും ലോജിസ്റ്റിക് ഉപകരണങ്ങളും ബാഗുകളും മലയിടുക്കിലേക്ക് വീണു. തുടർന്ന് ഇരുവരും മഞ്ഞ് മൂടിയ കൊടുമുടിയിൽ കുടുങ്ങുകയായിരുന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫീസ് അറിയിച്ചു.

Latest Videos

undefined

പർവതാരോഹകർ പേജർ ഉപയോഗിച്ച് എംബസികളുമായി ബന്ധപ്പെട്ടു. തുടർന്നാണ് ഇന്ത്യൻ വ്യോമസേനയുടെ സഹായം തേടിയതെന്ന് ചമോലി ജില്ലാ മജിസ്‌ട്രേറ്റ് സന്ദീപ് തിവാരി പറഞ്ഞു. വ്യാഴാഴ്‌ച വൈകുന്നേരമാണ് വിദേശ യുവതികൾ കുടുങ്ങിയെന്ന വിവരം ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ തിരച്ചിൽ നടത്താൻ വ്യോമസേനയോട് അഭ്യർഥിച്ചു. വെള്ളിയാഴ്ച രണ്ട് ഐ എ എഫ് ചേതക് ഹെലികോപ്റ്ററുകൾ പ്രദേശത്ത് വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇന്നലെയും ഇന്നും തെരച്ചിൽ തുടർന്നു. നേരത്തെ ഹെലികോപ്റ്ററുകൾ വിന്യസിക്കാൻ വനം വകുപ്പ് എസ്ഡിആർഎഫിന്‍റെ സഹായം തേടിയിരുന്നു. ഇന്ന് രാവിലെയാണ് ഇരുവരെയും കണ്ടെത്തി രക്ഷപ്പെടുത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!