'കഴിക്കാൻ പോലുമാവില്ല, വയറുവേദന അസഹ്യം', 21കാരിയുടെ വയറിൽ നിന്ന് നീക്കിയത് 2 കിലോ മുടി, 16 കൊല്ലമായുള്ള ശീലം

By Web Team  |  First Published Oct 6, 2024, 3:01 PM IST

16 വർഷമായുള്ള മുടി തിന്നുന്ന ശീലം പണിയായി. ഭക്ഷണം പോലും കഴിക്കാനാവാതെ കഠിനമായ വയറുവേദനയേ തുടർന്ന് യുവതി അവശനിലയിൽ. വയറിൽ നിന്ന് നീക്കിയത് 2 കിലോ മുടി


ബറേലി: അതികഠിനമായ വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 21കാരിയുടെ വയറിൽ നിന്ന് നീക്കിയത് 2കിലോ ഭാരം വരുന്ന മുടി. ബറേലിയിലെ ജില്ലാ ആശുപത്രിയിലാണ് .യുവതിയുടെ വയറിൽ നിന്ന് വലിയ അളവിൽ മുടിനാരുകൾ നീക്കിയത്. വെള്ളിയാഴ്ചയാണ് യുവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്. സുഭാഷ്നഗറിലെ കാർഗൈന സ്വദേശിയായ 21കാരിക്ക് ഏറെക്കുറെ അഞ്ച് വർഷമായി ശക്തമായ വയറുവേദന നേരിട്ടിരുന്നു.

നിരവധി സ്വകാര്യ ആശുപത്രികളിൽ നിന്ന് ചികിത്സ തേടിയെങ്കിലും കൃത്യമായ ഒരു പരിഹാരം കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് യുവതിയുടെ വീട്ടുകാർ അവശനിലയിലായ യുവതിയെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. സിടി സ്കാനിൽ യുവതിയുടെ വയറിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത് മുടിനാരുകളാണെന്ന് വ്യക്തമാവുകയായിരുന്നു. ഇതോടെ യുവതിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. ചെറിയ തോതിൽ മുടി പ്രതീക്ഷിച്ച് നടത്തിയ ശസ്ത്രക്രിയയിലാണ് രണ്ട് കിലോ മുടിനാര് ഒരു പന്തിന്റെ രൂപത്തിൽ കണ്ടെത്തിയത്. 

Latest Videos

ഒപ്പറേഷന് പിന്നാലെ യുവതിക്കും ബന്ധുക്കൾക്കും കൌൺസിലിംഗ് അടക്കമുള്ള തുടർ ചികിത്സ ലഭ്യമാക്കിയ ശേഷമാണ് 21കാരി ആശുപത്രി വിടുന്നത്. വീട്ടുകാരോട് സംസാരിച്ചതിൽ എങ്ങനെയാണ് ഇത്രയും മുടി വയറിലെത്തിയതെന്നതിനേക്കുറിച്ച് ധാരണ ലഭിച്ചിരുന്നില്ല. പിന്നീട് കൌൺസിലിംഗിനിടെയാണ് 16 വർഷമായി യുവതി മുടി തിന്നുന്നതായി വ്യക്തമായത്. ഈ ശീലം അവസാനിപ്പിക്കുന്നതിനായി അടുത്ത ഏതാനും മാസങ്ങൾ യുവതിക്ക് കൌൺസിലിംഗ് സഹായം നൽകുമെന്ന് ഡോക്ടർമാർ വിശദമാക്കി. 

ഡോക്ടർമാർ വിശദമാക്കുന്നതിന്റെ അടിസ്ഥാനത്തിൽ മുടി തിന്നുന്ന രോഗം യുവതിക്കുണ്ടായിരുന്നു. ഈ മുടിയെല്ലാം യുവതിയുടെ വയറിൽ അടിഞ്ഞ് പന്ത് പോലെ ആവുകയായിരുന്നു. ഭക്ഷണം പോലും കഴിക്കാനാവാത്ത സ്ഥിതിയിലായിരുന്നു യുവതിയുണ്ടായിരുന്നത്. സാമൂഹ്യമപരമായി ഉൾവലിയുന്ന സ്വഭാവമുള്ളവരിലാണ് ഇത്തരം ചെയ്തികൾ കണ്ടുവരുന്നതെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!