ബജറ്റ് വിവേചനപരമെന്ന് ഇന്ത്യ സഖ്യം: ശക്തമായ പ്രതിഷേധത്തിന് നീക്കം, നീതി ആയോഗ് യോഗത്തിനില്ലെന്ന് കോൺഗ്രസ്

By Web Team  |  First Published Jul 24, 2024, 6:00 AM IST

ബജറ്റ് വിവേചനപരം എന്നാരോപിച്ച് നിതി ആയോഗ് യോഗം കോണ്‍ഗ്രസ് ബഹിഷ്ക്കരിക്കും. ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ല


ദില്ലി: മൂന്നാം മോദി സര്‍ക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ ഇന്ത്യ സഖ്യം ഇന്ന് പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കും. പ്രധാന കവാടത്തിലും ഇരുസഭകളിലും പ്രതിഷേധമറിയിക്കും. നിര്‍മല സീതാരാമൻ അവതരിപ്പിച്ച ബജറ്റുമായി ബന്ധപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് പ്രതിപക്ഷ സഖ്യത്തിൻ്റെ തീരുമാനം. ബജറ്റ് വിവേചനപരം എന്നാരോപിച്ച് നിതി ആയോഗ് യോഗം കോണ്‍ഗ്രസ് ബഹിഷ്ക്കരിക്കും. ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ല.

നിതി ആയോഗ് യോഗം ബഹിഷ്ക്കരിക്കണമെന്ന് സഖ്യകക്ഷികളോടും കോൺഗ്രസ് നേതൃത്വം അഭ്യര്‍ത്ഥിച്ചതായാണ് വിവരം. ബജറ്റിൽ സംസ്ഥാനങ്ങളോട് കാട്ടിയ കടുത്ത വിവേചനത്തിനെതിരെയാണ് നീക്കം. ഡിഎംകെയും നേരത്തെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിരുന്നു. അതിനിടെ ആരോപണം തള്ളി ധനമന്ത്രി രംഗത്ത് വന്നു. കേന്ദ്ര പദ്ധതികളുടെ പ്രയോജനം എല്ലാ സംസ്ഥാനങ്ങൾക്കും കിട്ടുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.

Latest Videos

undefined

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് കസേര കാക്കാനുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരിഹസിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക കോപ്പിയിടച്ചാണ് ബജറ്റ് തയ്യാറാക്കിയതെന്നും രാഹുല്‍ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. 

ബിഹാറിനും, ആന്ധ്രക്കുമുള്ള പ്രഖ്യാപനങ്ങളായിരുന്നു ബജറ്റിലുടനീളം കേട്ടത്. പ്രത്യേക പദവി ആവശ്യപ്പെട്ട നിതീഷ് കുമാറിനെയും, ചന്ദ്രബാബു നായിഡുവിനെയും വികസന പാക്കേജിലൂടെ തൃപ്തിപ്പെടുത്താന്‍ നിര്‍മ്മല സീതാരാമന്‍ ശ്രദ്ധിച്ചു.  പാറ്റ്ന, പുരുണിയ, ബക്സര്‍ ഭാഗല്‍പൂര്‍  എക്‌സ്‌പ്രസ് വേകളുടെ വികസനത്തിന് 26,000 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഭഗല‍പൂരില്‍ 2400 മെഗാവാട്ടിന്‍റെ പവര്‍ പ്ലാന്‍റും അനുവദിച്ചു. വിനോദ സഞ്ചാര മേഖലയിൽ ഉള്‍പ്പെടുത്തി ഗയയിലും, രാജ്ഗീറിലുമുള്ള ക്ഷേത്ര ഇടനാഴികള്‍ വികസിപ്പിക്കും. പ്രളയക്കെടുതികളില്‍ കൈകത്താങ്ങായി 11500 കോടി രൂപ കൂടി നല്‍കും. ഇതൊന്നും പോരാഞ്ഞ്  കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി പ്രഖ്യാപിച്ച പൂര്‍വോദയ പദ്ധതിയുടെ പ്രയോജനവും ബിഹാറിന് കിട്ടും.

അമരാവതിയുടെ വികസനമെന്ന ചന്ദ്രബാബു നായിഡുവിന്‍റെ സ്വപനവും നിര്‍മ്മല സീതാരാമന്‍റെ ബജറ്റ ്സാക്ഷാത്ക്കരിക്കുന്നു. അമരാവതിക്കായി നീക്കി വച്ചിരിക്കുന്നത് 15000 കോടി രൂപയാണ്. പോലവാരം ജലസേചന പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി 3 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്. വ്യവസായ വികസനത്തിനും, അടിസ്ഥാന സൗകര്യമേഖലയുടെ നവീകരണത്തിനും ധനസഹായം തുടരുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ഭരണം നിലനിര്‍ത്താനുള്ള പ്രീണനമെന്ന വിമര്‍ശനം ഇതോടെയാണ് പ്രതിപക്ഷം ശക്തമാക്കിയത്. 
 

 

click me!