ആര്‍എസ്എസ് ഓഫീസിന്റെ ചുവരില്‍ മൂത്രമൊഴിച്ചു, തല്ലിതകര്‍ത്തു; മൂന്നു പേര്‍ അറസ്റ്റില്‍

By Web Team  |  First Published Aug 4, 2023, 3:00 AM IST

ശശാങ്ക് ഗുപ്ത ഓഫീസിന്റെ ചുവരില്‍ മൂത്രമൊഴിക്കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് തര്‍ക്കം ആരംഭിച്ചത്.


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസ് ഓഫീസിന്റെ ചുവരില്‍ മൂത്രമൊഴിക്കുകയും ഓഫീസ് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മുകേഷ് ഗുപ്ത (60), മക്കളായ ശശാങ്ക് ഗുപ്ത (32), ശിവങ്ക് ഗുപ്ത (30) എന്നിവരാണ് അറസ്റ്റിലായത്. 

ബുധനാഴ്ച രാത്രി 10 മണിയോടെ ഷാജഹാന്‍പുരിലെ ഷഹീദ് ദ്വാറിലെ ഓഫീസാണ് 40ഓളം പേര്‍ അടിച്ചുതകര്‍ത്തത്. ശശാങ്ക് ഗുപ്ത ഓഫീസിന്റെ ചുവരില്‍ മൂത്രമൊഴിക്കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ചെറിയതോതില്‍ ആരംഭിച്ച തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. നാല്‍പ്പതോളം പേര്‍ വരുന്ന സംഘം ആയുധങ്ങളുമായി എത്തി ഓഫീസ് അടിച്ചുതകര്‍ത്തെന്നാണ് ആര്‍എസ്എസ് നേതാക്കളുടെ പരാതി. ഓഫീസിലുണ്ടായിരുന്ന ചില പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.

Latest Videos

40ഓളം പേര്‍ക്കെതിരെ കലാപം, കൊലപാതകശ്രമം, ആക്രമണം, തടഞ്ഞുവയ്ക്കല്‍, അതിക്രമിച്ച് കയറല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ശേഖര്‍, അമന്‍ ഗുപ്ത എന്നിവരാണ് കേസിലെ തിരിച്ചറിയപ്പെട്ട മറ്റ് പ്രതികള്‍. മദ്യലഹരിയിലാണ് അക്രമം നടത്തിയതെന്നാണ് നിഗമനം. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. പ്രതികളെ പിടികൂടാന്‍ നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. 

  'ഷംസീറിന്റെ പരാമര്‍ശങ്ങളിലേക്ക് മുസ്ലീങ്ങളെ എന്തിനാണ് വലിച്ചിഴക്കുന്നത്'; അബ്ദു റബ്ബ്
 

click me!