Covid 19 : കരുതൽ ഡോസിന് അർഹതയുണ്ടോ? ഇന്ന് പട്ടിക പുറത്തിറങ്ങും, വ്യവസ്ഥകൾ ഇങ്ങനെ

By Web Team  |  First Published Jan 8, 2022, 2:27 AM IST

 മൂന്നാമത്തെ ഡോസ് വാക്സീനായി പ്രത്യേകം രജിസ്ട്രര്‍ ചെയ്യേണ്ടതില്ല. രണ്ട് ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞാൽ ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുക്കുകയോ നേരിട്ട് കേന്ദ്രത്തിൽ എത്തുകയോ ചെയ്യാം. പത്താം തിയ്യതി ആണ് രാജ്യത്ത് കരുതൽ ഡോസിന്റെ വിതരണം തുടങ്ങുന്നത്.


ദില്ലി: കരുതൽ ഡോസിന് അർഹരായവർക്ക് ഇന്ന് മുതൽ കോവിൻ ആപ്പ് (Cowin App) വഴി അപ്പോയിന്മെന്‍റ് എടുക്കാമെന്ന് ആരോഗ്യ മന്ത്രാലയം (Health Ministry). വാക്സിനേഷന് ആർഹരായവരുടെ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. മൂന്നാമത്തെ ഡോസ് വാക്സീനായി പ്രത്യേകം രജിസ്ട്രര്‍ ചെയ്യേണ്ടതില്ല. രണ്ട് ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞാൽ ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുക്കുകയോ നേരിട്ട് കേന്ദ്രത്തിൽ എത്തുകയോ ചെയ്യാം. പത്താം തിയ്യതി ആണ് രാജ്യത്ത് കരുതൽ ഡോസിന്റെ വിതരണം തുടങ്ങുന്നത്. കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളോട് മുന്നൊരുക്കം നടത്താന്‍ കേന്ദ്രം നിര്‍ദ്ദേശം നൽകിയിരുന്നു.

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഫണ്ടുകളുടെ പൂർണ്ണമായ വിനിയോഗവും ഉറപ്പുവരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ഓക്സിജൻ ലഭ്യതയും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുകയാണ്. പിഎസ്‍എ പ്ലാന്റുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, ഓക്സിജൻ സിലിണ്ടർ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യതയും പരിശോധിക്കും. ഏഴ് മാസത്തിന് ശേഷം  രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നിരിക്കുകയാണ്.

Latest Videos

ഇതിനിടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനം ഗൗരവതരമല്ലെന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. ഇത് സംബന്ധിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സത്യവിരുദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ വ്യാപനം ഗൗരവമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയതോടെ യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെുടപ്പില്‍ കമ്മീഷന്‍ എന്ത് നിലപാടെടുക്കുമെന്നതിലാണ് ആകാംഷ. ഒമിക്രോണ്‍ സ്ഥിരീകരിച്ച് ആളുകള്‍ മരിക്കുന്നുണ്ടെന്നും നിസാരമായി കാണരുതെന്നും ലോകാരോഗ്യസംഘടന മേധാവി മുന്നറിയിപ്പ് നല്‍കി. 
 

click me!