രാത്രി എട്ടരയോടെയാണ് ബന്ദിപ്പോരയിലെ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ് ഉണ്ടായത്.
ദില്ലി: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരർ വെടിവെച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണം ഉണ്ടായത്. ജമ്മു കശ്മീരിൽ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ആക്രമണമാണിത്. ബന്ദിപ്പോര-പൻഹാർ റോഡിലുള്ള ബിലാൽ കോളനി ആർമി ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ആർക്കും പരിക്കുകളില്ലെന്നും വെടിവെപ്പുണ്ടായ ഉടൻ സൈന്യം തിരിച്ചടി നൽകിയെന്നുമാണ് റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. നേരത്തെ കശ്മീരിലെ ബുദ്ധഗാമിലാണ് ആദ്യം ആക്രമണമുണ്ടാത്. അവിടെ യുപി സ്വദേശികളായ രണ്ട് തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിവെയ്ക്കുകയായിരുന്നു.
ഉത്തർപ്രദേശ് സ്വദേശികളായ സൂഫിയാൻ (25), ഉസ്‍മാൻ മാലിക് (25) എന്നിവരെ പരിക്കുകളോടെ ശ്രീനഗറിലെ ജെവിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ സഹ്റാൻപൂർ സ്വദേശികളായ ഇരുവരും കശ്മീർ ജൽ ശക്തി വകുപ്പിൽ ദിവസ വേനത തൊഴിലാളികളാണ്. പരിക്കേറ്റ രണ്ട് പേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെടിവെപ്പ് സംബന്ധിച്ച വിവരം ലഭിച്ചയുടൻ തന്നെ സുരക്ഷാ വിഭാഗങ്ങൾ സ്ഥലത്തെത്തി പ്രദേശത്ത് തെരച്ചിൽ തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം