അലമാരയുടെ താഴെ ചെറിയ വാതിൽ, തുറക്കുന്നത് ഒളിസങ്കേതത്തിലേക്ക്; കശ്മീരിൽ തീവ്രവാദികൾ ഉപയോഗിച്ച ബങ്കർ കണ്ടെത്തി

By Web TeamFirst Published Jul 8, 2024, 9:22 AM IST
Highlights

ബങ്കറുകൾ വരെ തയ്യാറാക്കി ഒളിച്ചിരുന്ന തീവ്രവാദികൾക്ക് ഇതിന് പ്രാദേശിക സഹായം കിട്ടിയോ എന്നാണ് പരിശോധിക്കുന്നത്.

ന്യൂഡൽഹി: കശ്മീരിലെ കുൽഗാമിൽ തീവ്രവാദികൾ താമസിച്ചിരുന്ന ബങ്കറുകൾ കണ്ടെത്തി. ശനിയാഴ്ച രാത്രി സൈന്യം നടത്തിയ ഏറ്റമുട്ടലിൽ കൊലപ്പെടുത്തിയ തീവ്രവാദികൾ ഒളിച്ചിരുന്ന ബങ്കറുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.

ഒരു അലമാരയുടെ അകത്തു നിന്നാണ് ബങ്കറിനകത്തേക്കുള്ള പ്രവേശന കവാടം. അലമാരയുടെ താഴെ വാതിലാണെന്ന് മനസിലാവാത്ത വിധത്തിലാണ് ഇത് സജ്ജീകരിച്ചിരുന്നത്. നിലത്തിരുന്ന ശേഷം മാത്രം പ്രവേശിക്കാൻ സാധിക്കുന്ന തരത്തിലായിരുന്നു ഇത്. തീവ്രവാദികൾക്ക് താമസിക്കാൻ ബങ്കറുകൾ വരെ തയ്യാറാക്കിയ സാഹചര്യത്തിൽ ഇതിന് പ്രാദേശിക സഹായം കിട്ടിയോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. ഏറ്റുമുട്ടലിൽ കുൽഗാമിലെ രണ്ട് സ്ഥലങ്ങളിലായി ആറ് തീവ്രവാദികളെ വകവരുത്തിയിരുന്നു.  രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തു.

Latest Videos

ഭീകര സംഘടനയായ  ഹിസ്ബുൽ മുജാഹിദീൻ പ്രവർത്തകരായ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. മദെർഗാമിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ സൈന്യം വെടിവെച്ചു കൊന്നു. ഇവിടെ ഒരു സൈനികന് ജീവൻ നഷ്ടമായി. കുൽഗാമിലെ ഏറ്റമുട്ടലിൽ നാല് തീവ്രവാദികളെ സൈന്യം വകവരുത്തി. ഇവിടെയും ഒരു ജവാൻ വീരമൃത്യുവരിച്ചു. 

കൊല്ലപ്പെട്ട തീവ്രവാദികളെല്ലാം ഹിസ്ബുൽ മുജാഹിദീൻ പ്രവർത്തകരാണെന്നും ഇവരിൽ ഒരാൾ പ്രാദേശിക കമാൻഡറായി പ്രവർത്തിച്ചിരുന്ന ആളാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊല്ലപ്പെട്ട തീവ്രവാദികളുടെ പേരുകളും വിവരങ്ങളും സൈന്യം കണ്ടെത്തിയിട്ടുണ്ട്. പാരാ കമാൻഡോ ലാൻസ് നായിക് പ്രദീപ് നൈൻ, ഒന്നാം രാഷ്ട്രീയ റൈഫിൾസിലെ ഹവിൽദാർ രാജ് കുമാർ എന്നീ ജവാന്മാരാണ് ഏറ്റമുട്ടലിൽ വീരമൃത്യുവരിച്ചത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!