മാർക്ക് കുറഞ്ഞതിന് ശകാരിച്ചു, അധ്യാപികയുടെ കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

By Web Team  |  First Published Nov 16, 2024, 8:35 PM IST

യുട്യൂബ് നോക്കിയാണ് പടക്കങ്ങൾ കൂട്ടിച്ചേർത്ത് ബോംബ് ഉണ്ടാക്കാനും അത് റിമോട്ട് വച്ച് പൊട്ടിക്കാനും പഠിച്ചതെന്നാണ് വിദ്യാർത്ഥികൾ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് എത്തിയവരോട് വിശദമാക്കിയത്


ഭിവാനി: സയൻസ് അധ്യാപികയുടെ കസേരയ്ക്ക് അടിയിൽ പടക്കങ്ങൾ കൊണ്ട് ബോംബുണ്ടാക്കി വച്ച് റിമോട്ട് കൊണ്ട് പൊട്ടിച്ച് +2 വിദ്യാർത്ഥികളുടെ തമാശ. ഹരിയാനയിലെ ഭിവാനി ജില്ലയിലെ സ്കൂളിലാണ് സംഭവം. വനിതാ അധ്യാപിക കസേരയിൽ ഇരുന്ന സമയത്താണ് വിദ്യാർത്ഥികൾ റിമോട്ട് ഉപയോഗിച്ച് പടക്ക ബോംബ് പൊട്ടിച്ചത്. കസേരയിൽ നിന്ന് നിലത്ത് വീണ അധ്യാപികയ്ക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു. ക്ലാസ് മുറിയിലെ സ്ഫോടനം വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ അടക്കം എത്തി അന്വേഷിച്ചപ്പോഴാണ് പ്രതികളെ പിടികൂടിയത്.

സംഭവത്തിൽ  13 പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നടത്തിയ ക്ലാസ് പരീക്ഷയിൽ വളരെ കുറഞ്ഞ മാർക്ക് നേടിയ വിദ്യാർത്ഥികളെ അധ്യാപിക ശകാരിച്ചതിൽ പ്രതികാരമായായിരുന്നു പടക്ക ബോംബ് സ്ഫോടനം. യുട്യൂബിൽ നിന്നാണ് വിദ്യാർത്ഥികൾ പടക്കം ഉപയോഗിച്ച് ബോംബ് ഉണ്ടാക്കുന്നത് പഠിച്ചത്. എന്നാൽ അധ്യാപികയെ പ്രാങ്ക് ചെയ്യാൻ മാത്രം ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്നാണ് വിദ്യാർത്ഥികളുടെ പ്രതികരണം. അധ്യാപികയ്ക്ക് പൊള്ളലേൽക്കുമെന്നും പരിക്കേൽക്കുമെന്നും കരുതിയിരുന്നില്ലെന്നുമാണ് വിദ്യാർത്ഥികൾ സംഭവത്തേക്കുറിച്ച് പറയുന്നത്.

Latest Videos

undefined

15 പേരുള്ള ക്ലാസിലെ 13 പേരുടേയും അറിവോടെയായിരുന്നു സംഭവമെന്നതാണ് ഞെട്ടിക്കുന്നത്. അധ്യാപിക എത്തുന്നതിന് മുൻപായി പടക്ക ബോംബ് കസേരയ്ക്ക് കീഴിൽ വച്ച ശേഷം അധ്യാപിക സീറ്റിലിരുന്നതോടെ മറ്റൊരു വിദ്യാർത്ഥി റിമോർട്ട് ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. 13 കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം അധ്യാപകരുടെ ഭാഗത്ത് നിന്ന് ഉയർന്നിട്ടുണ്ട്. സംഭവം വലിയ രീതിയിൽ ചർച്ച ആയതിന് പിന്നാലെ പഞ്ചായത്ത് മീറ്റിംഗ് വിളിച്ച് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും കയ്യിൽ നിന്ന് സംഭവത്തിൽ ക്ഷമാപണവും എഴുതി വാങ്ങിയിട്ടുണ്ട്. നിലവിൽ ഒരു ആഴ്ചത്തേക്കാണ് വിദ്യാർത്ഥികളെ ഡിഇഒ സസ്പെൻഡ് ചെയ്തിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!