ഓൺലൈൻ ഗെയിമിംഗിലെ ക്വിക് റിവാർഡുകൾ നേടാനായി കൌമാരക്കാർ ചെലവാക്കിയത് പ്രവാസിയായ പിതാവിന്റെ അക്കൌണ്ടിലെ പണം മുഴുവൻ. മുന്നറിയിപ്പുമായി പൊലീസ്
ലക്നൌ: വിദേശത്ത് ജോലി ചെയ്തിരുന്ന പിതാവിന്റെ ബാങ്ക് അക്കൌണ്ടിലുണ്ടായിരുന്ന പണം 6.5 ലക്ഷം രൂപ കാലിയാക്കി കൌമാരക്കാരായ കുട്ടികൾ. ഉത്തർ പ്രദേശിലെ ഖുശിനഗറിലാണ് സംഭവം. ഇറാഖിൽ ജോലി ചെയ്യുകയായിരുന്ന യുവാവിന്റെ ബാങ്ക് അക്കൌണ്ട് കൈകാര്യം ചെയ്തിരുന്നത്. അടുത്തിടെ ലീവിന് നാട്ടിലെത്തിയ യുവാവ് ശനിയാഴ്ച ബാങ്കിലെത്തി പണം പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് അക്കൌണ്ടിൽ പണമില്ലെന്ന് വ്യക്തമായത്.
പിന്നാലെ ഭാര്യയേയും മക്കളോടും പണം ചെലവാക്കിയ കാര്യം തിരക്കിയപ്പോൾ ഭാര്യ അറിയില്ലെന്ന കാര്യം വ്യക്തമാക്കുകയും 14ഉം 13ഉം വയസുള്ള മക്കൾ പിതാവ് എന്തെങ്കിലും സൈബർ കുറ്റകൃത്യങ്ങൾ പെട്ടിരിക്കാമെന്നുമാണ് പ്രതികരിച്ചത്. ഇതോടെയാണ് യുവാവ് അഭിഭാഷകനുമായി ബന്ധപ്പെട്ടത്. അഭിഭാഷകൻ അക്കൌണ്ട് പരിശോധിച്ചപ്പോഴാണ് ഭാര്യയുടെ ഫോണിലെ ജി പേയിൽ നിന്ന് ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമിലേക്ക് നേരിട്ട് നൽകിയതായി വ്യക്തമായത്.
undefined
ഓൺലൈൻ ക്ലാസിനായി കുട്ടികൾ അമ്മയുടെ ഫോൺ ഉപയോഗിച്ചിരുന്നു. ഈ സമയത്താണ് ഗെയിം കളിച്ച് റിവാർഡുകൾ നേടാനാണ് കൌമാരക്കാർ ശ്രമിച്ചത്. കഴിഞ്ഞ നാല് മാസത്തിനുള്ളിലാണ് അക്കൌണ്ടിൽ നിന്ന് പണം ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾക്ക് നൽകിയത്. തുടക്കത്തിൽ റിവാർഡുകൾ ലഭിച്ചതോടെ കൌമാരക്കാർ കൂടുതൽ പണം ഈ പ്ലാറ്റ്ഫോമുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായാണ് കണ്ടെത്തിയിട്ടുള്ളത്.
ക്വിക് റിവാർഡുകൾക്കായി പിതാവിന്റെ അക്കൌണ്ടിലുണ്ടായിരുന്ന 4.2 ലക്ഷം രൂപയും അമ്മയുടെ അക്കൌണ്ടിലുണ്ടായിരുന്ന 2.39 ലക്ഷം രൂപയുമാണ് നാല് മാസത്തിനുള്ളിൽ കൌമാരക്കാർ ചെലവാക്കിയത്. പണം നഷ്ടമായതിലേറെ പണം നഷ്ടമായ വിവരം കുട്ടികൾ രഹസ്യമായി സൂക്ഷിച്ചതാണ് വിഷമിപ്പിക്കുന്നതെന്നാണ് പിതാവ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. കുട്ടികൾ മേൽനോട്ടമില്ലാതെ ഓൺലൈൻ പരിപാടികൾ ഏർപ്പെടുന്നതിന്റെ ഗുരുതരാവസ്ഥ വെളിപ്പെടുത്തുന്നതാണ് സംഭവമെന്നാണ് ഖുശിനഗർ പൊലീസ് സൂപ്രണ്ട് സന്തോഷ് മിശ്ര വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം