തിരക്കിനിടയിൽ പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരൻ മരിച്ചു; ദാരുണ അപകടം ബംഗളുരുവിൽ

By Web Team  |  First Published Nov 26, 2024, 1:35 PM IST

അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ കുട്ടി മാത്രം പുറത്തേക്ക് വരികയായിരുന്നു. റോഡരികിൽ ഒറ്റയ്ക്ക് നിൽക്കുന്നതിനിടെയാണ് പിന്നിലേക്കെടുത്ത കാർ ഇടിച്ചത്. 


ബംഗളുരു: തിരക്കേറിയ ക്ഷേത്രത്തിന് മുന്നിൽ വെച്ച് പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ബംഗളുരുവിലെ ആനേക്കലിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞു.

മടപ്പട്ടാന സ്വദേശിയായ ഏകാൻഷ് എന്ന മൂന്ന് വയസുകാരനാണ് മരിച്ചത്. കുട്ടിയെയും മാതാപിതാക്കളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.  ക്ഷേത്രത്തിന് മുന്നിൽ വലിയ തിരക്കുള്ള സമയമായിരുന്നു. അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ കുട്ടി മാത്രം പുറത്തേക്ക് വരികയായിരുന്നു. റോഡരികിൽ ഒറ്റയ്ക്ക് നിൽക്കുന്നതിനിടെയാണ് പിന്നിലേക്കെടുത്ത കാർ ഇടിച്ചത്. 

Latest Videos

ഡ്രൈവർ പെട്ടെന്ന് കാർ പിന്നിലേക്ക് എടുക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുട്ടി പിന്നിൽ നിൽക്കുന്നത് ഡ്രൈവർ കണ്ടില്ല. കാർ കുട്ടിയുടെ ശരീരത്തിൽ കയറിയത് കണ്ട് നാട്ടുകാർ ബഹളം വെച്ചു. ഇത് കേട്ട് ഡ്രൈവർ കാർ അൽപ ദൂരം മുന്നിലേക്ക് എടുത്ത ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. നാട്ടുകാർ ഉടൻ തന്നെ ഒരു ഓട്ടോറിക്ഷയിൽ കയറ്റി കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!