'മഹാരാഷ്ട്രയിൽ പോൾ ചെയ്‌ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ വ്യത്യാസം': വൻ വെളിപ്പെടുത്തലുമായി ദി വയർ

By Web Team  |  First Published Nov 26, 2024, 3:41 PM IST

സംസ്ഥാനത്ത് പോൾ ചെയ്തതിനേക്കാൾ 5,04,313 വോട്ടുകൾ അധികമായി എണ്ണിയെന്ന് റിപ്പോർട്ട് ആരോപിക്കുന്നു


മുംബൈ: മഹാരാഷ്ട്രയിൽ ആകെ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ പൊരുത്തക്കേടെന്ന് ഓൺലൈൻ മാധ്യമമായ ദി വയർ റിപ്പോർട്ട് ചെയ്യുന്നു. ആകെ പോൾ ചെയ്തതിനേക്കാളും അഞ്ച് ലക്ഷത്തിലധികം വോട്ടുകൾ അധികമായെണ്ണി എന്നാണ് റിപ്പോർട്ട് ആരോപിക്കുന്നത്. 288 മണ്ഡലങ്ങളിൽ ആകെ പോൾ ചെയ്തത് 6,40,88,195 വോട്ടുകളാണ്. എന്നാൽ ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 6,45,92,508 വോട്ടുകളാണ്. സംസ്ഥാനത്ത് പോൾ ചെയ്തതിനേക്കാൾ 5,04,313 വോട്ടുകൾ അധികമായി എണ്ണിയെന്ന് റിപ്പോർട്ട് ആരോപിക്കുന്നു.

സംസ്ഥാനത്ത് എട്ട് മണ്ഡലങ്ങളിൽ എണ്ണിയ വോട്ടുകൾ പോൾ ചെയ്ത വോട്ടുകളിലും കുറവാണെന്നും 280 മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതലാണ് എണ്ണിയ വോട്ടുകളെന്നുമാണ് റിപ്പോർട്ട് പറയുന്നത്. ആഷ്ടി മണ്ഡലത്തിൽ പോൾ ചെയ്തതിനേക്കാൾ 4538 വോട്ട് അധികമായി എണ്ണി. 

Latest Videos

undefined

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കുതിച്ചെത്തിയത് ചരിത്രത്തിലെ എറ്റവും വലിയ സീറ്റ് നിലയിലേക്കായിരുന്നു. മത്സരിച്ച 152ല്‍ 80 ശതമാനം സീറ്റിലും ജയിച്ച് 132 സീറ്റ് നേടി. സംസ്ഥാനത്ത് 288 സീറ്റിൽ 238 സീറ്റിലും മഹായുതി മുന്നണിയാണ് ജയിച്ചത്.  മൊത്തം 288 സീറ്റില്‍ 29 സീറ്റെങ്കിലുമുള്ള പാർട്ടിയുടെ പ്രതിനിധിക്കെ പ്രതിപക്ഷ നേതാവാകാന്‍ സാധിക്കൂ. എന്നാൽ നിലവിലെ സ്ഥിതിയില്‍ ഇന്ത്യ മുന്നണിയിലെ ഒരു പാർട്ടിക്കും അതിനുള്ള സീറ്റില്ല. 102സീറ്റില്‍ മല്‍സരിച്ച കോൺഗ്രസിന് കിട്ടിയത് 20 ശതമാനത്തില്‍ താഴെ  സീറ്റുകളാണ്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനും  എന്സിപി ശരത് പവാര്‍  വിഭാഗത്തിനും അവരുടെ ശക്തികേന്ദ്രങ്ങളില്‍ പോലും പിടിച്ചു നിൽക്കാനായില്ല. ബാരാമതിയിൽ വിജയിച്ച് അജിത് പവാർ പകരം വീട്ടി. കോൺഗ്രസിൻ്റെ പല പ്രമുഖരും ഇത്തവണ തോറ്റു. സിറ്റിംഗ് സീറ്റായ കൽവാൻ നിലനിർത്താനായത് സിപിഎമ്മിന് ആശ്വാസമായി. വൻ തിരിച്ചടി നേരിട്ട പ്രതിപക്ഷം അതിനാൽ തന്നെ വോട്ട് കണക്കിലെ ഇപ്പോൾ പുറത്ത് വന്ന വിവരങ്ങളോട് എങ്ങിനെ പ്രതികരിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എല്ലാ മണ്ഡലത്തിലും പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് ദി വയറിൻ്റെ റിപ്പോർട്ട് പറയുന്നത്.

click me!