തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; കാഞ്ചീപുരത്ത് 2 ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു

By Web TeamFirst Published Dec 27, 2023, 12:36 PM IST
Highlights

പ്രാണരക്ഷാർത്ഥം വെടി വയ്ക്കേണ്ടി വന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. നെഞ്ചിന് വെടിയേറ്റ ഇരുവരും തലക്ഷണം തന്നെ മരിച്ചു. 

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. കാഞ്ചീപുരത്ത് രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. ഇതോടെ, സംസ്ഥാനത്ത് 6 മാസത്തിനിടെ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.

കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രഘുവരൻ, കറുപ്പ് എന്നറിയപ്പെട്ടിരുന്ന ഹാസൻ എന്നിവരാണ് മരിച്ചത്. ഇന്നലെ പ്രഭാകരൻ എന്ന ഗുണ്ടയെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഘത്തിൽ ഉൾപ്പെട്ട ഇരുവർക്കുമായി തെരച്ചിൽ ഊർജിതമാക്കിയിരുന്നു. പുലർച്ചെ കാഞ്ചീപുരം റെയിൽവേ സ്റ്റേഷന് അടുത്തുള്ള പാലത്തിന് താഴെ ഇവർ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പൊലീസ് സംഘത്തിന് നേരെ പാഞ്ചടുത്ത പ്രതികൾ വടിവാൾ കൊണ്ട് ആക്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. പ്രാണരക്ഷാർത്ഥം വെടി വയ്‍ക്കേണ്ടി വന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. നെഞ്ചിന് വെടിയേറ്റ ഇരുവരും തല്‍ക്ഷണം തന്നെ മരിച്ചു. ക്രിമിനൽ കേസുകളിൽ പ്രതികളായ ഇരുവരും പൊലീസിൻ്റെ ഗുണ്ട പട്ടികയിലുള്ളവരാണ്.

Latest Videos

ഗുണ്ട ആക്രമണത്തിൽ പരിക്കേറ്റ എഎസ്ഐ, കോൺസ്റ്റബിൾ എന്നിവരെ കാഞ്ചീപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. ഏറ്റുമുട്ടൽ കൊലയുടെ വാർത്ത മാധ്യമങ്ങളിൽ വന്നതിന് പിന്നാലെ പ്രഭാകരനെ കൊലപ്പെടുത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. കാഞ്ചീപുരം ഇരട്ട കൊലയോടെ തമിഴ്നാട്ടിൽ 6 മാസത്തിനിടെ പൊലീസ് വെടിവെച്ച് കൊന്ന ഗുണ്ടകളുടെ എണ്ണം ആറായി. 

(പ്രതികാത്മക ചിത്രം)

click me!