'എന്തുകൊണ്ട് ഗോവയില്‍ ബീഫ് നിരോധനമില്ല?'; ലക്ഷദ്വീപ് വിഷയത്തില്‍ ബിജെപിയോട് ശിവസേനയുടെ ചോദ്യം

By Web Team  |  First Published May 31, 2021, 3:35 PM IST

ലക്ഷദ്വീപില്‍ ബീഫ് നിരോധനം നടപ്പാക്കാന്‍ വ്യഗ്രത കാട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ ടൂറിസം മേഖലയായ ഗോവയിലും ബിജെപി ഭരിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും എന്തുകൊണ്ടാണ് ഇത് നടപ്പാക്കാന്‍ താല്‍പ്പര്യം കാട്ടാത്തതെന്ന് ശിവസേന. 


മുംബൈ: ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ നടപ്പിലാക്കുന്ന പരിഷ്കാരങ്ങള്‍ സാമുദായിക സ്പര്‍ദ ഉദ്ദേശിച്ചുള്ളതാണെന്ന് ശിവസേന. ഇത്തരം നീക്കങ്ങള്‍ രാജ്യത്ത് അസ്ഥിരതയുണ്ടാക്കുമെന്ന് ശിവസേനാ എം.പി സഞ്ജയ് റാവത്ത് പ്രതികരിച്ചു.  

ലക്ഷദ്വീപില്‍ ബീഫ് നിരോധനം നടപ്പാക്കാന്‍ വ്യഗ്രത കാട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ ടൂറിസം മേഖലയായ ഗോവയിലും ബിജെപി ഭരിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും എന്തുകൊണ്ടാണ് ഇത് നടപ്പാക്കാന്‍ താല്‍പ്പര്യം കാട്ടാത്തതെന്ന് ശിവസേന. ലക്ഷദ്വീപില്‍ ഗോവധ നിരോധനം അടക്കമുള്ള പുതിയ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കാനുള്ള അഡ്മിനിസ്ട്രേറ്ററുടെ നീക്കങ്ങള്‍ക്കെതിരേ പ്രതിഷേധം അരങ്ങേറുമ്പോഴാണ് ശിവസേനയും രംഗത്ത് വന്നത്. നിയമം എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണമെന്നും ശിവസേനാ എം.പി സഞ്ജയ് റാവത്ത് പറഞ്ഞു.

Latest Videos

undefined

അഡ്മിനിസ്‌ട്രേറ്റര്‍ ഒരു രാഷ്ട്രീയക്കാരാനായാലും ഉദ്യോഗസ്ഥനായാലും കരുതലോടെ തീരുമാനമെടുത്തില്ലെങ്കില്‍ പ്രതിഷേധമുണ്ടാകുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. തൊട്ടടുത്തുള്ള കേരളത്തില്‍ മാംസ നിരോധനമില്ല, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇല്ല. ലക്ഷദ്വീപില്‍ മാത്രം നിരോധനം വരുമ്പോള്‍ ജനങ്ങള്‍ക്ക് ഒരുപാട് സംശയങ്ങള്‍ ഉയരും. നിയമം നടപ്പാക്കുമ്പോള്‍ അത് എല്ലാവര്‍ക്കും ഒരുപോലെ ആകണം. വികസനത്തിന്റെ പേരില്‍ മറ്റു അജന്‍ഡകള്‍ നടപ്പാക്കുന്നതിനെണ് ലക്ഷദ്വീപ് നിവാസികള്‍ പ്രതിഷേധിക്കുന്നതെന്നും പറഞ്ഞു.

എന്ത് നടപടി എടുക്കുമ്പോഴും പ്രദേശിക ജനതയെ കണക്കിലെടുത്ത് പ്രവര്‍ത്തിക്കണം. അവരുടെ വിശ്വാസം ആര്‍ജ്ജിക്കണം. രാജ്യം മുഴുവന്‍ ഇത്തരം അസ്ഥിരതയ്ക്ക് ശ്രമിക്കുകയാണെങ്കില്‍ അതിന്‍റെ ഫലവും അനുഭവിക്കേണ്ടിവരും. നേരത്തെ ശിവസേനയുടെ മുഖപത്രമായ സാമ്ന ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്‍റെ ഭരണപരിഷ്കാരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖപ്രസംഗം എഴുതിയിരുന്നു. 

click me!