രാവിലെ നടക്കാൻ പോയ മകൻ മടങ്ങിവന്നപ്പോൾ വീട്ടിൽ അച്ഛനും അമ്മയും സഹോദരിയും കൊല്ലപ്പെട്ട നിലയിൽ

By Web Team  |  First Published Dec 4, 2024, 2:08 PM IST

വീട്ടിൽ മോഷണം നടന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. മകൻ പുറത്തുപോയി തിരിച്ചെത്തിയപ്പോൾ മൂന്ന് പേരും മരിച്ച് കിടക്കുന്നതാണ് കണ്ടത്. 


ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ ഒരു വീട്ടിലെ മൂന്ന് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ നേബ് സാരായിലാണ് സംഭവം. അച്ഛനും അമ്മയും മകളുമാണ് കൊല്ലപ്പെട്ടത്. എന്താണ് സംഭവിച്ചതെന്നറിയാൻ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അച്ഛനും അമ്മയും രണ്ട് മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. രാജേഷ് കുമാർ (51), ഭാര്യ കോമൾ (46), മകൾ കവിത (23) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മകൻ അർജുൻ പുലർച്ചെയോടെ നടക്കാൻ പോയിരുന്നു. തിരികെ വീട്ടിലെത്തിയപ്പോഴാണ് അച്ഛനും അമ്മയും സഹോദരിയും മരിച്ച് കിടക്കുന്നത് കണ്ടതെന്ന് പൊലീസ് പറയുന്നു. രാവിലെ 6.53നാണ് സംഭവം അറിയിച്ചു കൊണ്ട് പൊലീസിൽ വിവരം ലഭിച്ചത്. രക്തത്തിൽ കുളിച്ചുകിടക്കുന്ന  നിലയിലായിരുന്നു മൃതദേഹം.

Latest Videos

വലിയ ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ ദമ്പതികളുടെ മകനാണ് തങ്ങളോട് വിവരമെല്ലാം പറഞ്ഞതെന്ന് അയൽവാസികൾ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ദമ്പതികളുടെ വിവാഹ വാർഷിക ദിനമായിരുന്നെന്നും അതിന്റെ ആശംസ നേർന്ന ശേഷമാണ് താൻ നടക്കാൻ പോയതെന്നും മകൻ പൊലീസിനോട് പറഞ്ഞു. വീട്ടിൽ നിന്ന് മോഷണം നടന്നതായി പ്രഥമദൃഷ്ട്യാ തെളിവുകളൊന്നുമില്ലെന്ന് സൗത്ത് ഡൽഹി ഡിസിപി അങ്കിത് ചൗഹാൻ പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
click me!