വൻനഗരങ്ങളിലും ജംഗ്‌ഷനുകളിലും തിരക്ക് കുറയ്ക്കുന്നതിൽ ശ്രദ്ധയൂന്നി അടുത്ത 50 വർഷത്തെ മുന്നിൽക്കണ്ടുള്ള പദ്ധതികളാണ് രൂപകൽപന ചെയ്യുന്നതെന്ന് അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.
ദില്ലി: കേരത്തിലെ റെയിൽവേ പ്രൊജക്ടിനായി ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി ആവശ്യമെങ്കിൽ കോൺഗ്രസ് എംപി ശശി തരൂരിന് ധർണ നടത്താമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയിലെ ചോദ്യോത്തര വേളയിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ശശി തരൂർ എം പിയുടെ മണ്ഡലമായ തിരുവനന്തപുരത്തെ നേമം റെയിൽവേ ടെർമിനൽ പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം സെൻട്രലിലേക്കുള്ള റെയിൽവേ ലൈനിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന പദ്ധതിയുടെ കാലതാമസവും , ഫണ്ട് തികയാതെ വരുന്നതും ചൂണ്ടിക്കാണിക്കുകയായിരുന്നു ശശി തരൂർ എം പി. അതേ സമയം വൻനഗരങ്ങളിലും ജംഗ്‌ഷനുകളിലും തിരക്ക് കുറയ്ക്കുന്നതിലാണ് ശ്രദ്ധയെന്നും പുതിയ ടെർമിനലുകൾ നിർമ്മിക്കുമെന്നും അടുത്ത 50 വർഷത്തെ ആവശ്യകതകൾ മുന്നിൽക്കണ്ടുള്ള പദ്ധതികളാണ് രൂപകൽപന ചെയ്യുന്നതെന്നും അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.
കേരളത്തെ സംബന്ധിച്ച് ചോദ്യം ഫണ്ടിന്റെ കാര്യത്തിലല്ലെന്നും ഭൂമി ഏറ്റെടുക്കുന്നതിനായി കേന്ദ്രസർക്കാർ ഇത് വരെ 2,150 കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളം മുഴുവൻ കേൾവിക്കാരുള്ള, വലിയ സ്വാധീനമുള്ള എം പി ശശി തരൂർ ജി സംസ്ഥാന സർക്കാരിനു മുന്നിൽ ഭൂമി ഏറ്റെടുക്കുന്നതിനായി ആവശ്യമെങ്കിൽ ഒരു ധര്‍ണ നടത്താന്‍ ഞാന്‍ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം