സിക്കിം പ്രളയത്തിന് കാരണം നേപ്പാളിലെ ഭൂകമ്പമോ?, മരണസംഖ്യ ഉയരുന്നു

By Web Team  |  First Published Oct 5, 2023, 8:44 AM IST

പ്രളയത്തില്‍ കാണാതായവരുടെ കുടുംബാംഗങ്ങള്‍ക്കായി ഇന്ത്യന്‍ സൈന്യം ഹെല്‍പ്  ലൈന്‍ ആരംഭിച്ചു


ദില്ലി: വടക്ക് കിഴക്കൻ സംസ്ഥാനമായ സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ ഉയര്‍ന്നു. ഇതുവരെ 14 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. മിന്നല്‍ പ്രളയത്തില്‍ 102 പേരെയാണ് കാണാതായതെന്നും 26 പേര്‍ക്ക് പരിക്കേറ്റതായും സിക്കിം സര്‍ക്കാര്‍ അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതേസമയം, നാല്‍പത് പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സിക്കിമിലെ പ്രളയത്തിന് കാരണം നേപ്പാളിലുണ്ടായ ഭൂകമ്പമാണോയെന്ന സംശയവും ഉയരുന്നുണ്ട്. ഇതിനുള്ള സാധ്യതയും വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.  പ്രളയത്തില്‍ കാണാതായ സൈനികരുടെയും മറ്റുള്ളവരുടെയും കുടുംബാംഗങ്ങള്‍ക്കായി ഇന്ത്യന്‍ സൈന്യം മൂന്ന് ഹെല്‍പ്  ലൈന്‍ ആരംഭിച്ചു. കാണാതായ സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് മാത്രമായി  7588302011 എന്ന നമ്പറിലാണ് ഹെല്‍പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്കായുള്ള ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 8750887741 (നോര്‍ത്ത് സിക്കിം),  8756991895( ഈസ്റ്റി് സിക്കിം).

അതേസമയം, പ്രളയ സാഹചര്യം കണക്കിലെടുത്ത് പശ്ചിമബംഗാളില്‍ ബംഗാളിൽ പതിനായിരം പേരെ ക്യാമ്പുകിലേക്ക് മാറ്റിയിട്ടുണ്ട്. ബംഗാളിലെ ഒമ്പത് ജില്ലകളിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളിലായി 19O ക്യാമ്പുകൾ തുറന്നു. ഗവർണർ ഇന്ന് പ്രദേശങ്ങൾ സന്ദർശിക്കും. പ്രളയം വലിയ നാശനഷ്ടം വിതച്ച നാല് ജില്ലകളിൽ സ്ഥിതിഗതികൾ രൂക്ഷമായ തുടരുകയാണ്. ഇവിടങ്ങളിൽ ഇന്നും രക്ഷാപ്രവർത്തനം തുടരും. പ്രളയത്തിൽ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ നടപടികൾ തുടങ്ങി. മലയാളികൾ അടക്കം മൂവായിരം വിനോദ സഞ്ചാരികൾ സിക്കിമിൽ കുടുങ്ങിയിട്ടുണ്ട്. കാണാതായ 23  സൈനികരിൽ ഒരാളെ ഇന്നലെ കണ്ടെത്തിയിരുന്നു. മറ്റുള്ളവർക്കായി കരസേനയുടെ തെരച്ചിൽ തുടരുകയാണ്.

Latest Videos

undefined

കഴിഞ്ഞ ദിവസമുണ്ടായ മിന്നല്‍ പ്രളയത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് സിക്കിം. രണ്ട് ദിവസമായി പെയ്ത മഴയക്കൊപ്പം ഇന്നലെയുണ്ടായ മേഘവിസ്ഫോടനമാണ് വടക്കന്‍ സിക്കിമില്‍ ലാചെൻ താഴ്വരയിൽ സ്ഥിതി സങ്കീർണ്ണമാക്കിയത്. ഇതിന് പിന്നാലെ ചുങ്താങ് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. അടിയന്തരമായി അണക്കെട്ട് തുറന്നതോടെ ടീസ്ത നദിയിലെ ജലനിരപ്പ് ഇരുപത് അടിയോളം ഉയർന്നു. നദി തീരത്തുള്ള സൈനിക ക്യാമ്പുകളിലേക്കും വെള്ളം ഇരച്ചെത്തി. സിങ്താമിന് സമീപം നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ഒഴുകിപ്പോയി. താഴ്ന്ന പ്രദേശങ്ങളായ സാങ്‌കലാങ്, ബ്രിങ്ബോങ് എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. പശ്ചിമ ബംഗാളിനേയും സിക്കിമിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 10 നിരവധിയിടങ്ങളിൽ തകർന്നു. ചുങ്താങ് എൻഎച്ച്പിസി അണക്കെട്ടും പാലവും ഒലിച്ചുപോയി. വിവിധ സ്ഥലങ്ങളിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നദീതീരത്തുനിന്ന് ആളുകൾ മാറണമെന്ന് സിക്കിം സർക്കാര്‍ ജനങ്ങൾക്ക് നിര്‍ദേശം നൽകി. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലും നദീതീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

click me!