തിരുവണാമലയിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രാവിലെ എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനം തുടങ്ങി
ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് ആഞ്ഞുവീശിയതോടെ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരണം 13 ആയി. തിരുവണാമലയിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രാവിലെ എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനം തുടങ്ങി. ഒൻപത് ജില്ലകളിൽ ഇന്ന് സ്കൂളുകൾക്ക് അവധി നൽകി. അതേസമയം തമിഴ്നാട്ടിൽ ഇന്ന് മഴ മുന്നറിയിപ്പിൽ മാറ്റമുണ്ട്. റെഡ്, ഓറഞ്ച് അലേർട്ട് ഒരിടത്തുമില്ല. ചെന്നൈ, കോയമ്പത്തൂർ അടക്കം 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ചെന്നൈ - നാഗർകോവിൽ വന്ദേഭാരത് അടക്കം 10 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. രാവിലെ 9:45ന് പുറപ്പെടേണ്ട ചെന്നൈ എഗ്മൂർ - ഗുരുവായൂർ എക്സ്പ്രസും (16127) റദ്ദാക്കിയവയിലുണ്ട്. അഞ്ച് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയപ്പോൾ 10 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. വിക്രവാണ്ടിക്കും മുണ്ടിയാംപക്കത്തിനും ഇടയിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.
undefined
ഫിൻജാൽ ദുർബലമായെങ്കിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും മഴക്കെടുതി തുടരുകയാണ്. വിഴുപ്പുറം, കടലൂർ, തിരുവണ്ണാമലൈ, വെല്ലൂർ , കൃഷ്ണഗിരി, റാണിപ്പെട്ട് , തിരുപ്പത്തൂർ, ധർമ്മഗിരി ജില്ലകളിലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. തിരുവണാമലയിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് ഏഴ് പേർ കുടുങ്ങിയെന്നാണ് നാട്ടുകാർ പറഞ്ഞത്. ജില്ലയിൽ റെക്കോർഡ് മഴയാണ് പെയ്തത്. കടലൂർ, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളിൽ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
വിഴുപ്പുറത്ത് പെട്രോളിൽ വെളളം കലർന്നെന്ന പരാതിയെ തുടർന്ന് അടച്ചിട്ട പമ്പുകളിൽ ഇന്ന് പരിശോധന നടത്തും. പുതുച്ചേരിയിൽ വൈദ്യുതി ബന്ധം പലയിടത്തും പുനസ്ഥാപിക്കാനായിട്ടില്ല. സൈന്യം ഇന്നും രക്ഷാദൌത്യം തുടരും.