5,798 രൂപയ്ക്ക് മദ്യപിച്ച് ബാറിൽ ഗൂഗിൾ പേ സ്ക്രീൻഷോട്ട് കാണിച്ചു, പണം വന്നില്ലെന്ന് മാനേജർ; ഒടുവിൽ കൈയേറ്റം

By Web Team  |  First Published Nov 8, 2024, 4:33 PM IST

യുപിഐ പേയ്മെന്റ് നടത്തിയ ശേഷം ഒരു സുഹൃത്താണ് പണം നൽകിയതെന്ന് പറഞ്ഞ് യുവാക്കൾ ഒരു സ്ക്രീൻഷോട്ട് കാണിക്കുകയായിരുന്നു.


കോയമ്പത്തൂർ: ബാറിൽ പണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഹോട്ടൽ മാനേജറെ മർദിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ പീലമേടിൽ കരസേന റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ എത്തിയ യുവാക്കളെയാണ് പിടികൂടിയത്. ഇവർ താമസിച്ച ഹോട്ടലിനോട് ചേർന്നുള്ള ബാറിൽ നിന്ന് മദ്യപിച്ച ശേഷം പണം നൽകുന്നതിനെച്ചൊല്ലി പിന്നീട് ഉണ്ടായ പ്രശ്നങ്ങളാണ് കൈയേറ്റത്തിൽ കലാശിച്ചത്. ഇതിന് പിന്നാലെ ഹോട്ടൽ മാനേജർ പരാതി നൽകുകയായിരുന്നു.

കൃഷ്ണഗിരി സ്വദേശികളായ ജി ഭാസ്കർ (19), ഡി ഭരത് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരും ബുധനാഴ്ച വൈകുന്നേരമാണ് ഹോട്ടലിലെത്തിയത്. ഹോട്ടൽ മാനേജറായ എൻ പ്രകാശിനോട് പറ‌ഞ്ഞത് അടുത്ത ദിവസം നടക്കാനിരിക്കുന്ന ആർമി റിക്രൂട്ട്മെന്റിൽ പങ്കെടുക്കാനാണ് കോയമ്പത്തൂരിൽ എത്തിയതെന്നായിരുന്നു. 3500 രൂപ അഡ്വാൻസ് നൽകി ഹോട്ടലിൽ മുറിയെടുത്തു.

Latest Videos

undefined

വൈകുന്നേരം മൂന്ന് മണിയോടെ ഇവർ ഹോട്ടലിലെ ബാറിലേക്ക് വന്നു. 5,798 രൂപയാണ് മദ്യപിച്ചതിന്റെ ബില്ലായത്. തുടർന്ന് ഈ പണം യുപിഐ പേയ്‍മെന്റായി നൽകിയെന്ന് പറഞ്ഞ് ഒരു സ്‍ക്രീൻഷോട്ട് ഇവർ ബാർ മാനേജറെ കാണിച്ചു. തങ്ങളുടെ ഒരു സുഹൃത്താണ് പണം നൽകിയതെന്ന് പറഞ്ഞാണ് ഇവർ ഈ സ്ക്രീൻഷോട്ട് കാണിച്ചത്. ശേഷം ഇരുവരും മുറിയിലേക്ക് പോയി.

പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോൾ ഈ പണം അക്കൗണ്ടിൽ വന്നിട്ടില്ലെന്ന് പിന്നീട് ഹോട്ടൽ അധികൃതർ മനസിലാക്കി. ഇതോടെയാണ് മാനേജർ പ്രകാശ് ഇവരുടെ മുറിയിലേക്ക് ചെന്നത്. യുപിഐ വഴി അയച്ചു എന്ന് പറയുന്ന തുക കിട്ടിയിട്ടില്ലെന്നും ബിൽ തുക നൽകണമെന്നും മാനേജർ ആവശ്യപ്പെട്ടു. ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ കൈയാങ്കളിയിലെത്തിയത്. പിന്നാലെ ബാർ മാനേജർ പൊലീസിൽ പരാതി നൽകി. പൊലീസ് ഹോട്ടലിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!