സിംഗപ്പൂരിലേക്കുള്ള വിമാനത്തിൽ കയറാൻ പോകുമ്പോൾ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയത് (ചിത്രം പ്രതീകാത്മകം)
ചെന്നൈ: ബാഗേജിൽ സാറ്റലൈറ്റ് ഫോൺ കൊണ്ടുവന്നതിന് യുഎസ് പൗരനെ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തു. സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന ഡേവിഡ് (55) എന്ന യാത്രക്കാരനെ ഞായറാഴ്ചയാണ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചത്. യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത വിവരം യുഎസ് എംബസിയെ അറിയിച്ചിട്ടുണ്ട്.
ഡേവിഡ് സിംഗപ്പൂരിലേക്കുള്ള വിമാനത്തിൽ കയറാൻ പോകുമ്പോൾ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയത്. കൂടുതൽ അന്വേഷണം വേണമെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. യുഎസിൽ നിന്ന് ദില്ലിയിൽ എത്തിയപ്പോഴോ അവിടെ നിന്ന് ആൻഡമാൻ ദ്വീപിലേക്ക് സഞ്ചരിച്ചപ്പോഴോ ആരും ഫോണിനെ കുറിച്ച് ചോദിച്ചില്ലെന്ന് ഡേവിഡ് പറഞ്ഞു. ചെന്നൈ വിമാനത്താവളത്തിലെ പരിശോധനയിലാണ് ഡേവിഡിനെ തടഞ്ഞുവച്ചത്. കൂടുതൽ അന്വേഷണത്തിനായി പൊലീസിന് കൈമാറി. ഡേവിഡിന്‍റെ ജോലിയെക്കുറിച്ചും എന്തിനാണ് സാറ്റലൈറ്റ് ഫോൺ കൈവശം വച്ചത് എന്നതിനെ കുറിച്ചും എയർപോർട്ട് പൊലീസ് അന്വേഷിക്കുന്നുണ്ട്.
undefined
ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെയും (ബിസിഎഎസ്) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും ചട്ടങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ സാറ്റലൈറ്റ് ഫോണുകളുടെ വ്യക്തിഗത ഉപയോഗം വിലക്കിയിട്ടുണ്ട്. 2008 ലെ മുംബൈ ആക്രമണത്തിന് പിന്നാലെ ടെലികോം വകുപ്പിന്‍റെ മുൻകൂർ അനുമതിയോടെ മാത്രമേ ഇത്തരം ഉപകരണങ്ങൾ അനുവദിക്കൂ. ടെലികോം വകുപ്പിന്‍റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ, ഫോണുകൾ കണ്ടുകെട്ടുമെന്നും ഉപയോക്താവിനെ അറസ്റ്റ് ചെയ്യുമെന്നുമാണ് നിയമം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം