പരാതിക്കാരനെ ഒരു പ്രൊഫൈൽ പോലും കാണിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഫീസ് തിരികെ നൽകാനും നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചത്.
ബെംഗളൂരു: അനുയോജ്യയായ വധുവിനെ കണ്ടെത്തി നൽകാത്തതിന് മാട്രിമോണിയൽ സൈറ്റിന് 60,000 രൂപ പിഴ ചുമത്തി. ബെംഗളൂരുവിലെ എംഎസ് നഗറിൽ താമസിക്കുന്ന വിജയകുമാർ കെ എസ് എന്നയാളാണ് പരാതി നൽകിയത്. തുടർന്ന് ബെംഗളൂരു ഉപഭോക്തൃ കോടതിയാണ് പിഴ ചുമത്തിയത്.
വിജയകുമാർ മകൻ ബാലാജിക്ക് വധുവിനെ തേടിയാണ് ദിൽമിൽ മാട്രിമോണി പോർട്ടലിനെ സമീപിച്ചത്. മാർച്ച് 17ന് മകന്‍റെ ഫോട്ടോകളും മറ്റ് രേഖകളും നൽകി. വധുവിനെ കണ്ടെത്താൻ 30,000 രൂപ ഫീസായി നൽകി. 45 ദിവസത്തിനകം ബാലാജിക്ക് വധുവിനെ കണ്ടെത്തുമെന്ന് ദിൽമിൽ മാട്രിമോണി വാക്കാലുള്ള ഉറപ്പും നൽകി.
undefined
എന്നാൽ ബാലാജിക്ക് അനുയോജ്യയായ വധുവിനെ കണ്ടെത്താൻ ദിൽമിൽ മാട്രിമോണിക്ക് കഴിഞ്ഞില്ല. ഇതോടെ വിജയ കുമാർ ഓഫീസിലെത്തി പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. ഏപ്രിൽ 30 നാണ് പണം തിരികെ നൽകണമെന്ന് അഭ്യർത്ഥിച്ചത്. എന്നാൽ പണം തിരികെ നൽകിയില്ലെന്ന് മാത്രമല്ല, ജീവനക്കാർ അസഭ്യ വാക്കുകൾ ഉപയോഗിക്കുകയും ചെയ്തു.
മെയ് 9 ന് വിജയകുമാർ വക്കീൽ നോട്ടീസ് അയച്ചെങ്കിലും ദിൽമിൽ പ്രതികരിച്ചില്ല. തുടർന്നാണ് ഉപഭോക്തൃ കോടതി വിജയകുമാറിന് അനുകൂലമായ ഉത്തരവിട്ടത്. പരാതിക്കാരനെ ഒരു പ്രൊഫൈൽ പോലും കാണിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഫീസ് തിരികെ നൽകാനും നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചത്. ഫീസായി വാങ്ങിയ 30,000 രൂപയും സേവനം നൽകാത്തതിന് 20,000 രൂപയും മാനസിക ബുദ്ധിമുട്ടിന് 5,000 രൂപയും കോടതി ചെലവായി 5,000 രൂപയും നൽകാൻ കോടതി ഉത്തരവിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം