സിറ്റിങ് സീറ്റിൽ സിപിഎം ബിജെപിയോട് തോറ്റു; വോട്ട് ചോർത്തിയത് അപരനോ, കോൺഗ്രസോ, ആംആദ്മി പാർട്ടിയോ?

By Web TeamFirst Published Dec 3, 2023, 7:25 PM IST
Highlights

കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നിരയിൽ ശക്തമായ സാന്നിധ്യമായിരുന്നു സിപിഎം അംഗമായിരുന്ന ബൽവൻ പൂനിയ. 

ജയ്‌പൂർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി സിറ്റിങ് സീറ്റിൽ ബിജെപി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു.രാജസ്ഥാനിലെ  ബദ്ര മണ്ഡലത്തിലാണ് എംഎൽഎ ബൽവൻ പൂനിയ പരാജയപ്പെട്ടത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സഞ്ജീവ് കുമാറാണ് ജയിച്ചത്. 1132 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നിരയിൽ ശക്തമായ സാന്നിധ്യമായിരുന്നു സിപിഎം അംഗമായിരുന്ന ബൽവൻ പൂനിയ. വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി സഞ്ജീവ് കുമാര്‍ 102748 വോട്ടുകള്‍ നേടിയപ്പോള്‍ ബല്‍വന്‍ പൂനിയ 101616 വോട്ടുകള്‍ നേടാനായി.

എന്നാൽ ബദ്ര മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണമായ ഘടകങ്ങൾ പലതാണ്. മണ്ഡലത്തിൽ ബൽവൻ സിങ് എന്ന അപര സ്ഥാനാർത്ഥി മാത്രം 1035വോട്ടുകള്‍ നേടി. പത്ത് സ്ഥാനാർത്ഥികൾ മത്സരിച്ച തിരഞ്ഞെടുപ്പിൽ പത്താം സ്ഥാനത്താണ് അപരൻ ഫിനിഷ് ചെയ്തത്. അതേസമയം മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ നിർത്തിയ കോൺഗ്രസിനും ആം ആദ്‌മി പാർട്ടിക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. മണ്ഡലത്തിൽ 3771 വോട്ട് നേടിയ കോൺഗ്രസ് സ്ഥാനാർത്ഥി  അജീത്ത് സിങ് ബെനിവാല്‍ അഞ്ചാം സ്ഥാനത്തും 2252 വോട്ട് നേടിയ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി രൂപ്നാഥ് ആറാം സ്ഥാനത്തുമാണ് എത്തിയത്. ഫലത്തിൽ സിപിഎം സ്ഥാനാർത്ഥിക്ക് ലഭിക്കുമായിരുന്ന ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാൻ ഇവരുടെ സാന്നിധ്യം കാരണമായി. 

Latest Videos

ബിജെപിക്കെതിരെ വിശാല ഇന്ത്യ സഖ്യവുമായി മുന്നോട്ട് പോവുകയാണ് പ്രതിപക്ഷ നിരയിലെ പ്രമുഖ പാർട്ടികൾ. കോൺഗ്രസും ആം ആദ്മി പാർട്ടിയും സിപിഎമ്മും എല്ലാം ഈ ഐക്യമുന്നേറ്റത്തിന്റെ ഭാഗമാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കാൻ ഈ പാർട്ടികൾ ആരും തയ്യാറാകാത്തത് പ്രതിപക്ഷ ഐക്യത്തെ വരും നാളുകളിലും കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സംസ്ഥാനത്ത് സിപിഎം 2018 ൽ ജയിച്ച ദുൻഗർഗഡ് മണ്ഡലത്തിലും ഇക്കുറി അവർ പിന്നിലാണ്. സിറ്റിങ് എംഎൽഎ ഗിരിധരിലാൽ മഹിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.മണ്ഡലത്തിൽ ത്രികോണ മത്സരമാണ് ഇക്കുറി നടന്നത്. കോൺഗ്രസും സിപിഎമ്മും ബിജെപിയുമായിരുന്നു മത്സര രംഗത്ത്. ബിജെപി സ്ഥാനാര്‍ഥി താരാചന്ദാണ് ഇവിടെ 65690 വോട്ടുകള്‍ നേടി 8125 വോട്ടുകളുടെ ഭൂരിപക്ഷക്കോടെ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മംഗളറാം ഗോദാര 57565 വോട്ടുകള്‍ നേടി രണ്ടാമതെത്തി. സിപിഎമ്മിന്‍റെ ഗിരിധരിലാല്‍ 56498 വോട്ടുകളാണ് നേടിയത്. ഇതും ഇന്ത്യ മുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യമായ ബിജെപി വിരുദ്ധ വോട്ടുകളുടെ കേന്ദ്രീകരണം അസാധ്യമാക്കി. 

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ 115 സീറ്റുകളില്‍ മുന്നേറിയാണ് ബിജെപി വിജയം ഉറപ്പിച്ചത്. കോണ്‍ഗ്രസ് 69 സീറ്റുകളിലാണ് വിജയം ഉറപ്പിച്ചത്. ഭാരത് ആദിവാസി പാർട്ടി മൂന്ന് സീറ്റിലും ബഹുജൻ സമാജ്‌വാദി പാർട്ടി രണ്ട് സീറ്റിലും രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി രണ്ട് സീറ്റിലും സ്വതന്ത്ര സ്ഥാനാർത്ഥികൾ എട്ടു സീറ്റിലും മുന്നിലാണ്.

പുതിയ മുഖ്യമന്ത്രിമാ‍‌ർ ആരൊക്കെ?, ചര്‍ച്ചകൾ മുറുകുന്നു, ബിജെപിയും കോൺഗ്രസും പരിഗണിക്കുന്ന പേരുകൾ ഇപ്രകാരം

 

click me!