അധികാര ദുർവിനിയോഗത്തിനും സിവിൽ സർവീസ് നേടാൻ വ്യാജരേഖ ചമച്ചെന്ന ആരോപണവും നേരിടുന്നതിനിടെയാണ് പൂജയോട് അക്കാദമിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയത്.
മുംബൈ: മുസൂറിയിലെ ലാൽ ബഹാദുർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ ഹാജരാകാനുള്ള അവസാന തിയതി ലംഘിച്ച് പൂജാ ഖേഡ്കർ. അധികാര ദുർവിനിയോഗത്തിനും സിവിൽ സർവീസ് നേടാൻ വ്യാജരേഖ ചമച്ചെന്ന ആരോപണവും നേരിടുന്നതിനിടെയാണ് പൂജയോട് അക്കാദമിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയത്. അക്കാദമിയിൽ ഹാജരാകാനുള്ള അവസാന തിയതി ചൊവ്വാഴ്ചയായിരുന്നു.
വിവാദങ്ങൾക്ക് പിന്നാലെ ട്രെയിനിംഗ് നിർത്തി തിരികെ എത്താനായിരുന്നു നിർദ്ദേശം. ജൂലൈ 16ന് സംസ്ഥാന സർക്കാരിനൊപ്പമുള്ള പൂജയുടെ ട്രെയിനിംഗ് അവസാനിപ്പിച്ചതായി മഹാരാഷ്ട്ര അഡീഷണൽ ചീഫ് സെക്രട്ടറി നിതിൻ ഗഡ്രേ വ്യക്തമാക്കിയിരുന്നു. 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ. ദില്ലി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം പൂജയ്ക്കെതിരെ വ്യാജ രേഖ ചമച്ചതിന് കേസ് എടുത്തിട്ടുണ്ട്. വ്യാജ വൈകല്യ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചാണ് അർഹമായതിലും കൂടുതൽ തവണ ഇവർ യുപിഎസ്സി പരീക്ഷ എഴുതിയത്.
undefined
യുപിഎസ്‍സി പരീക്ഷയിൽ 841-ാം റാങ്കാണ് ഇവർക്ക് ലഭിച്ചത്. അഹമ്മദ്‌നഗർ സ്വദേശിയായ പൂജ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. ചട്ടങ്ങൾ അനുസരിച്ച്, ഒരു ട്രെയിനിക്ക് ചുവന്ന-നീല ബീക്കൺ ലൈറ്റ്, വിഐപി നമ്പർ പ്ലേറ്റ്, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, കോൺസ്റ്റബിൾ എന്നീ സൗകര്യങ്ങൾ നൽകില്ലെന്നിരിക്കെ ഇത്തരം ആവശ്യങ്ങൾ ഇവർ ഉന്നയിച്ചിരുന്നു. ഇതിന് പുറമേ തൻ്റെ സ്വകാര്യ ഓഡി കാറിൽ ചുവന്ന-നീല ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും ഇവർ ഉപയോഗിച്ചതും സ്വകാര്യ കാറിൽ 'മഹാരാഷ്ട്ര സർക്കാർ' എന്ന ബോർഡും സ്ഥാപിച്ചതും വലിയ വിവാദമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം