അഞ്ജലിയുടെ കൊലപാതകത്തിൽ മുൻഭർത്താവിനും കുടുംബത്തിനും കൂടി പങ്കുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. വസ്തു തർക്കത്തിൽ ഏർപ്പെട്ടിരുന്ന യുവതിയുടെ മുൻഭർത്താവിനെയും കുടുംബത്തെയും അന്വേഷണ സംഘം കേസിന്‍റെ തുടക്കത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു.
ലഖ്‌നൗ: ഉത്തർപ്രദേശിലെ മീററ്റിൽ ഒരു വർഷം മുമ്പ് അഭിഭാഷക കൊല്ലപ്പെട്ട കേസിൽ വൻ ട്വിസ്റ്റ്. അഞ്ജലി ഗാർഗിയെന്ന അഭിഭാഷകയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ. യുവതിയെ കൊലപ്പെടുത്തിയതിന് പിന്നിൽ മുൻ ഭർത്താവും കുടുംബവുമാണെന്ന് വാടക കൊലയാളി. ഒരു വർഷം പഴക്കമുള്ള കൊലപാതകത്തിന്‍റെ മറ്റൊരു മുഖം പുറത്തായത് പറഞ്ഞുറപ്പിച്ച തുക കിട്ടാതായതോടെ കൊലയാളി പൊലീസിനെ സമീപിപ്പിച്ചപ്പോൾ. അഞ്ജലിയെ കൊലപ്പെടുത്തിയ വാടക കൊലയാളി നീരജ് ശർമ്മയാണ് ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസിനെ സമീപിച്ച് വിവരങ്ങൾ നൽകിയത്.
2023 ജൂൺ 7-നാണ് മീററ്റിലെ ഉമേഷ് വിഹാർ കോളനിയിൽ താമസിക്കുന്ന അഞ്ജലിയെന്ന അഭിഭാഷകയെ ഇവർ വീട്ടിലേക്ക് വരുന്ന വഴിയിൽ വെച്ച് ബൈക്കിലെത്തിയ രണ്ട് പേർ ചേർന്ന് വെടിവച്ചു കൊലപ്പെടുത്തിയത്. ടിപി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലക്കേസിൽ അഞ്ജലിയുടെ കൊലപാതകത്തിൽ മുൻഭർത്താവിനും കുടുംബത്തിനും കൂടി പങ്കുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. വസ്തു തർക്കത്തിൽ ഏർപ്പെട്ടിരുന്ന യുവതിയുടെ മുൻഭർത്താവിനെയും കുടുംബത്തെയും അന്വേഷണ സംഘം കേസിന്‍റെ തുടക്കത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു.
undefined
മുൻ ഭർത്താവ് നിതിൻ ഗുപ്തയുടെ പേരിലുള്ള വീട്ടിലാണ് അഞ്ജലി താമസിച്ചിരുന്നത്. എന്നാൽ വീട് മുൻ ഭർത്താവിന്‍റെ മാതാപിതാക്കൾ അഞ്ജലിയെ അറിയിക്കാതെ യശ്പാൽ, സുരേഷ് ഭാട്ടിയ എന്നിവർക്ക് വിറ്റു. അഞ്ജലി വീട് ഒഴിയാൻ തയ്യാറായില്ല. ഇതോടെ അഞ്ജലിയും വീട് വാങ്ങിയരും തമ്മിലും മുൻ ഭർത്താവിന്‍റെ കുടുംബവുമായും തർക്കമുണ്ടായി. ഇതിനിടെ വീട് വാങ്ങിയവർ അഞ്ജലിയെ കൊലപ്പെടുത്താനായി രണ്ടു ലക്ഷം രൂപ നൽകി നീരജ് ശർമ്മയ്ക്ക് ക്വട്ടേഷൻ നൽകി. ഇക്കാര്യം കൊലപാതകം നടന്ന് ദിവസങ്ങൾക്കുള്ളിൽ പൊലീസ് കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു.
സംഭവം നടന്ന് ഒരു വർഷത്തിന് ശേഷമാണ് വാടക കൊലയാളി നീരജ് ശർമ്മക്ക് ജാമ്യം ലഭിക്കുന്നത്. പുറത്തിറങ്ങിയ നീരജ് നേരെ പൊലീസ് സേറ്റേഷനിലെത്തിയതോടെയാണ് അഞ്ജലിയുടെ മുൻ ഭർത്താവും കുടുംബവും പെടുന്നത്. മുൻ മരുമകളെ കൊലപ്പെടുത്താനായി 20 ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ഒരു ലക്ഷം രൂപ അഡ്വാൻസായി നൽകിയെന്നുമാണ് നീരജ് പൊലീസിനോട് വെളിപ്പെടുത്തിയത്. ബാക്കി പണമായ 19 ലക്ഷം രൂപ നൽകിയില്ലെന്നും പണം ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറിയെന്നുമെന്നും നീരജ് പറയുന്നു. മുൻ ഭർത്താവിന്‍റെ കുടുംബവുമായി സംസാരിക്കുന്ന ഫോൺ വിളിയുടെ ശബ്ദരേഖയടക്കമാണ് നീരജ് പൊലീസിന് മുന്നിലെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്.