മോദിയെ വീഴ്ത്താൻ 'വരാണസി' ലക്ഷ്യമിട്ട് 'ഇന്ത്യ', പ്രിയങ്ക ഗാന്ധിയോ എതിരാളി? നിതീഷും കെജ്രിവാളും പട്ടികയിൽ

By Web TeamFirst Published Dec 21, 2023, 12:01 AM IST
Highlights

ഉത്തർപ്രദേശുകാരിയും ഗാന്ധി കുടുംബാംഗവുമായി പ്രിയങ്ക കന്നി പോരാട്ടത്തിന് മോദിയെ വെല്ലുവിളിക്കാൻ വരാണസിയിലിറങ്ങിയാൽ ഗുണം ചെയ്യുമെന്നാണ് പ്രതിപക്ഷ സഖ്യത്തിന്‍റെ വിലയിരുത്തൽ

ദില്ലി: 2024 ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള തന്ത്രങ്ങൾ മെനഞ്ഞ് വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'. അടുത്ത് ലോക് സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനായി ഏറ്റവും പ്രധാനമായി പ്രതിപക്ഷ സഖ്യം കാണുന്ന ഘടകങ്ങളിലൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വരാണസി മണ്ഡലത്തിൽ ശക്തമായ വെല്ലുവിളി ഉയർത്തുക എന്നതാണ്. 2024 ൽ വരാണസിയിൽ മോദിക്കെതിരെ കരുത്തുറ്റ പോരാട്ടം നടത്തണമെന്നാണ് 'ഇന്ത്യ' സഖ്യത്തിന്‍റെ തീരുമാനം. അതിനായി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കമുള്ളവരെയാണ് 'ഇന്ത്യ' പരിഗണിക്കുന്നത്. ഉത്തർപ്രദേശുകാരിയും ഗാന്ധി കുടുംബാംഗവുമായി പ്രിയങ്ക കന്നി പോരാട്ടത്തിന് മോദിയെ വെല്ലുവിളിക്കാൻ വരാണസിയിലിറങ്ങിയാൽ ഗുണം ചെയ്യുമെന്നാണ് പ്രതിപക്ഷ സഖ്യത്തിന്‍റെ വിലയിരുത്തൽ.

തലസ്ഥാനത്തെ കലാപഭൂമിയാക്കിയത് പിണറായിയുടെ ധാർഷ്ഠ്യം, കോണ്‍ഗ്രസിൻ്റെ സമരമുറകൾ കാണാനിരിക്കുന്നതേയുള്ളു: സുധാകരൻ

Latest Videos

പ്രിയങ്ക മാത്രമല്ല, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വരാണസിയിലെ പോരട്ടത്തിനിറങ്ങാനുള്ള പട്ടികയിലേക്ക് 'ഇന്ത്യ' സഖ്യം ഉൾപ്പെടുത്തിയിട്ടുണ്ട്. കെജ്രിവാളാകട്ടെ 2014 ൽ മോദിക്കെതിരെ വരാണസിയിൽ പോരാട്ടം നടത്തിയിട്ടുമുണ്ട്. അന്ന് 2 ലക്ഷത്തോളം വോട്ട് നേടിയ കെജ്രിവാളിന് 2024 ൽ വലിയ മുന്നേറ്റം നടത്താനാകുമെന്നും 'ഇന്ത്യ' സഖ്യം വിലയിരുത്തിയിട്ടുണ്ട്. എന്തായാലും ഈ മൂന്ന് പേരിൽ ഒരാളോ, അല്ലെങ്കിൽ കരുത്തനായ മറ്റാരെങ്കിലുമോ വരാണസിയിൽ മത്സരത്തിനിറങ്ങണമെന്നാണ് പ്രതിപക്ഷ സഖ്യത്തിന്‍റെ തീരുമാനം. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകും.

അതേസമയം 'ഇന്ത്യ' സഖ്യത്തിൽ നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയെ കേന്ദ്രീകരിച്ച് പ്രധാനമന്ത്രി പദ ചര്‍ച്ചകള്‍ നടന്നതില്‍ നിതീഷ് കുമാറിന്‍റെ കലിയടങ്ങിയിട്ടില്ല എന്നതാണ്. രാഹുല്‍ ഗാന്ധിയെ ഉന്നമിട്ടായിരുന്നു ഖർഗയയുടെ പേര് നിർദ്ദേശിച്ചുള്ള മമതയുടെയും കെജരിവാളിന്‍റെയും നീക്കമെങ്കിലും അമ്പ് കൊണ്ടത് നിതീഷ് കുമാറിനായിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണത്തിന് ആക്കം കൂട്ടാന്‍ ഞായറാഴ്ച മോദിയുടെ മണ്ഡലമായ വാരാണസിയില്‍ നിന്ന് ഉത്തരേന്ത്യന്‍ റാലിക്ക് തുടക്കമിടാനുള്ള തയ്യാറെടുപ്പിലാണ് നിതീഷ് കുമാര്‍. സഖ്യത്തിന്‍റെ കണ്‍വീനറായി പ്രഖ്യാപിക്കുമെന്ന് നിതീഷ് കുമാർ കരുതിയെങ്കിലും അതുമുണ്ടായില്ല. അതുകൊണ്ടുതന്നെ മല്ലികാർജ്ജുന്‍ ഖര്‍ഗയെ കേന്ദ്രീകരിച്ച് ഇന്ത്യ സഖ്യയോഗത്തില്‍ പ്രധാനമന്ത്രി പദ ചര്‍ച്ച ഉയര്‍ന്നതില്‍ പ്രതിഷേധം തുടരുകയാണ് നിതീഷ് കുമാറെന്നാണ് വിവരം. മമതയും കെജരിവാളും ചേര്‍ന്ന് കുളം കലക്കിയെന്ന ആക്ഷേപം ഉയരുമ്പോള്‍ ദളിതനായ ഖര്‍ഗെ പ്രധാനമന്ത്രി പദത്തിന് അര്‍ഹനാണെന്ന വാദം മമത ബാനര്‍ജി ആവര്‍ത്തിക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രി പദത്തെ ചൊല്ലി സഖ്യത്തിലുണ്ടായിരിക്കുന്ന കല്ലുകടി സീറ്റ് വിഭജന ചര്‍ച്ചകളേയും ബാധിച്ചേക്കാമെന്നാണ് സൂചന.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയേയും അടുപ്പിക്കാതെ ഒറ്റക്ക് നീങ്ങിയ കോണ്‍ഗ്രസിന്‍റെ നിലപാടും വിമര്‍ശന വിധേയമായിട്ടുണ്ട്. ഇന്ത്യ സഖ്യമായി വേണമായിരുന്നു മത്സരിക്കാനെന്ന അഖിലേഷ് യാദവിന്‍റെയും , സ്റ്റാലിന്‍റെയും വിമര്‍ശനങ്ങള്‍ക്ക് തെറ്റ് ആവര്‍ത്തിക്കാതിരിക്കാനാണ് അഞ്ചംഗ സമിതിയെ ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയോഗിച്ചതെന്ന് കോണ്‍ഗ്രസ് മറുപടി നല്‍കി.

അതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേരാൻ തീരുമാനിച്ചിട്ടുണ്ട്. എ ഐ സി സി ആസ്ഥാനത്ത് മൂന്ന് മണിക്കാണ് യോഗം. നിയമസഭ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനാണ് യോഗം ചേരുന്നത്. സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനവും രാഹുല്‍ ഗാന്ധി നടത്താനിരിക്കുന്ന രണ്ടാം ഭാരത് ജോഡോ യാത്രയും അജണ്ടയിലുണ്ട്. മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലെ അഴിച്ചുപണി സാധ്യതയും യോഗം പരിശോധിക്കും. 'ഇന്ത്യ' സഖ്യത്തിന്‍റെ മുന്നോട്ടുപോക്കും വരാണസിയിൽ പ്രിയങ്ക ഇറങ്ങണോ എന്ന കാര്യത്തിലെ ചർച്ചയും നടക്കുമോയെന്ന് കണ്ടറിയണം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!