ക്യാപ്റ്റൻ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥന്‍റെ പ്രതിശ്രുത വധുവിന്‍റെ പരാതിയിൽ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ
ഭുവനേശ്വർ: പൊലീസ് സ്റ്റേഷനിൽ പീഡനം നേരിട്ടെന്ന ക്യാപ്റ്റൻ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥന്‍റെ പ്രതിശ്രുത വധുവിന്‍റെ പരാതിയിൽ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ. പരാതി പറയാൻ ചെന്നപ്പോൾ തന്‍റെ വസ്ത്രം വലിച്ചൂരിയെന്നും മുടിയിൽ പിടിച്ച് വലിച്ചിഴച്ചെന്നും കൈകാലുകൾ കെട്ടി മുറിയിൽ തള്ളിയെന്നുമാണ് പരാതി. അഭിഭാഷകയും റെസ്റ്റോറന്‍റ് ഉടമയുമായ 32കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്.
സെപ്തംബർ 15 ന് രാത്രി ഭുവനേശ്വറിലെ ഭരത്പൂർ പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. റസ്റ്റോറന്‍റ് അടച്ച് താനും ക്യാപ്റ്റനും വീട്ടിലേക്ക് മടങ്ങുമ്പോൾ ഗുണ്ടകൾ ആക്രമിച്ചതിനെ കുറിച്ച് പരാതിപ്പെടാനാണ് സ്റ്റേഷനിൽ എത്തിയതെന്ന് യുവതി പറയുന്നു. സഹായിക്കുന്നതിന് പകരം കുറ്റവാളികളോടെന്ന പോലെയാണ് തങ്ങളോട് പൊലീസ് പെരുമാറിയത്. ക്യാപ്റ്റനെ അടുത്ത ദിവസം പുലർച്ചെ വരെ തടങ്കലിൽ വച്ചു. സ്റ്റേഷന്‍റെ ചുമതലയുള്ള ഇൻസ്പെക്ടർ ദിനകൃഷ്ണ മിശ്ര വന്നപ്പോൾ അന്യായമായി തടങ്കലിൽ വെച്ചതിനെ താൻ ചോദ്യംചെയ്തെന്നും ഇതോടെ മുറിയിലേക്ക് വലിച്ചിഴച്ച് വസ്ത്രം വലിച്ചൂരുകയും ചവിട്ടുകയും ചെയ്തെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഇൻസ്പെക്ടർ അശ്ലീല ആംഗ്യം കാണിച്ചെന്നും യുവതി പറഞ്ഞു.
അതിനിടെ വനിതാ പോലീസ് ഓഫീസറെ ആക്രമിച്ചെന്ന കുറ്റം ചുമത്തി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വനിതാ പോലീസുകാർ മുടിയിൽ പിടിച്ച് വലിച്ചിഴച്ചപ്പോഴാണ് താൻ ചെറുത്തുനിന്നതെന്നാണ് യുവതിയുടെ വിശദീകരണം. യുവതിക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് യുവതി പൊലീസുകാർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
അതേസമയം പൊലീസുകാർ ആരോപണങ്ങൾ നിഷേധിച്ചു. യുവതിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് പൊലീസുകാർക്കെതിരെ അന്വേഷണം തുടങ്ങി. ഭരത്പൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ച് പേരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം