'നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു കൊവിഡ്; കൊവിഡിനെ രാജ്യം ഒറ്റക്കെട്ടായി അതിജീവിച്ചു'

By Web TeamFirst Published Feb 10, 2024, 5:43 PM IST
Highlights

നിർണായക തീരുമാനങ്ങൾ കൈക്കൊണ്ട സമ്മേളന കാലമാണ് പൂർത്തിയാകുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. 

ദില്ലി: ലോക്സഭക്ക് സമാപനം കുറിക്കുന്ന ചടങ്ങില്‍ ലോക്സഭ അം​ഗങ്ങൾക്കും സ്പീക്കർക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി. നിർണായക തീരുമാനങ്ങൾ കൈക്കൊണ്ട സമ്മേളന കാലമാണ് പൂർത്തിയാകുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു കൊവിഡ് എന്നും കൊവിഡിനെ രാജ്യം ഒറ്റക്കെട്ടായി അതിജീവിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പതിനേഴാം ലോക്സഭയ്ക്ക് സമാപനം കുറിച്ചുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി. 

തലമുറകളായി ഇന്ത്യ സ്വപ്നം കണ്ടിരുന്ന പല നിയമങ്ങളും നടപ്പാക്കാൻ കഴിഞ്ഞ അഞ്ചു കൊല്ലത്തിലായെന്ന് പ്രധാനമന്ത്രി. വനിത സംവരണ ബിൽ നടപ്പാക്കിയതും ജമ്മുകശ്മീരിൻറെ പ്രത്യേക പദവി എടുത്തു കളഞ്ഞതും ഇന്ത്യയുടെ ചരിത്രത്തിൽ നിർണ്ണായക തീരുമാനങ്ങളാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ലോകരാജ്യങ്ങൾക്കിടയിലെ മതിപ്പ് കൂട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest Videos

പുതിയ പാർലമെൻറ് മന്ദിരം നിർമ്മിച്ചതിന് സമാപന പ്രസംഗത്തിൽ സ്പീക്കർ ഓം ബിർള സർക്കാരിന് നന്ദി അറിയിച്ചു.  രാജ്യസഭയിൽ അയോധ്യ വിഷയത്തിലും യുപിഎ കാലത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സർക്കാർ കൊണ്ടു വന്ന ധവളപത്രത്തിലും ചർച്ച നടന്നു. യുപിഎ കാലത്തെ സാമ്പത്തിക വളർച്ച മറയ്ക്കാനും സ്വന്തം പരാജയം മൂടിവയ്ക്കാനുമാണ് നരേന്ദ്ര മോദി ധവളപത്രം ഇറക്കിയതെന്ന് കെ സി വേണുഗോപാൽ ചർച്ചയിൽ കുറ്റപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!