ഇന്ന് 12,000 കോടി രൂപയുടെ ആസ്തിയുള്ള സൂറത്തിലെ ഹരികൃഷ്ണ ഡയമണ്ട്‌സിന്റെ ഉടമയാണ് ദ്രവ്യയുടെ പിതാവ് സാവ്ജി ധൊലാക്കി.
സൂറത്ത്: കൊച്ചിയിലെ തെരുവിലേക്ക് ജീവിതം പഠിക്കാൻ ഏഴായിരം രൂപ നൽകി മകനെ ഒരു അച്ഛൻ പറഞ്ഞുവിട്ടതും അവൻ കൊച്ചിയിൽ കൂലിപ്പണിയെടുത്ത് ജീവിതം പഠിച്ചതും ആയ സംഭവം ഓര്‍മയുണ്ടോ? 2016-ലാണ് ജീവിതമെന്ന ഫീസില്ലാ കോഴ്സ് പഠിപ്പിക്കാൻ മകനെ ഊരു തെണ്ടാൻ വിടുന്ന കോടീശ്വരനായ അച്ഛന്റെ കഥ വാര്‍ത്തയായത്. സിനിമാക്കഥയെന്ന് തോന്നുമെങ്കിലും ശരിക്കും ജീവിതമായിരുന്നു അത്. ജീവിതം അറിയാന്‍, അനുഭവിക്കാൻ കൊച്ചിയിലെ തെരുവുകളില്‍ കൂലിവേല ചെയ്ത കോടീശ്വരപുത്രൻ ദ്രവ്യ ധൊലാക്കിയുടെ ജീവിതത്തിലെ വലിയൊരു സന്തോഷം വാര്‍ത്തയാവുകയാണ് ഇപ്പോൾ. ഗുജറാത്തില്‍ നടന്ന കല്യാണം വാര്‍ത്തയായതിന് കാരണം ചടങ്ങിനെത്തിയ അതിഥികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉണ്ടായിരുന്നു എന്നതാണ്.
ഇന്ന് 12,000 കോടി രൂപയുടെ ആസ്തിയുള്ള സൂറത്തിലെ ഹരികൃഷ്ണ ഡയമണ്ട്‌സിന്റെ ഉടമയാണ് ദ്രവ്യയുടെ പിതാവ് സാവ്ജി ധൊലാക്കി. ഏകമകനാണ് 29 -കാരനായ ദ്രവ്യ. ദ്രവ്യയും റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയുടെ മകള്‍ ജാന്വി ചാലുഡിയയുമായുള്ള വിവാഹമാണ് ദുധാല ഗ്രാമത്തില്‍ നടന്നത്. ഈ ചടങ്ങിലേക്കാണ് മോദിയും എത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ മുതൽ ധൊലാക്കിയയുമായി മോദിക്ക് ബന്ധമുണ്ടായിരുന്നു.
undefined
2016-ൽ കൊച്ചിയിലായിരുന്നു കേരളത്തിലെ ദ്രവ്യയുടെ കഥ തുടങ്ങുന്നത്. അന്ന് തന്നെ സാവ്ജി ധോലാക്കിയയെ ചിലരെങ്കിലും അറിയും. 4000 കോടി ആസ്തിയുള്ള സൂററ്റിലെ ഹരികൃഷ്ണ എക്സ്പോര്‍ട്ടേഴസിന്റെ അമരക്കാരനെന്ന നിലയിലായിരുന്നു അത്. സിനിമാക്കഥകളെ ഓർമ്മിപ്പിക്കുന്ന കഥയ്ക്കായിരുന്നു കൊച്ചി നഗരം അന്ന് വേദിയായത്. ഒരു മാസത്തെ ജീവിതം കൊണ്ട് പണത്തിന്റെ വില പഠിച്ച മകനും മകനെ പാഠം പഠിപ്പിച്ച അച്ഛനും, അങ്ങനെ ജീവിതത്തിന്‍റെ മണമുള്ള കഥ വാര്‍ത്തയായി.
കോടീശ്വരനായ വജ്രവ്യാപാരി. 2016 ജൂൺ 26ന് മകന്‍ ദ്രവ്യ ധൊലാക്കിയയെ അച്ഛന്‍ ധൊലോക്കിയ ജീവിതം പഠിക്കാന്‍ കൊച്ചിക്കു വിട്ടു. ഗുജറാത്തിലെ വീട്ടിൽ നിന്ന് കൊച്ചിക്കു തിരിക്കുമ്പോൾ 21കാരൻ ദ്രവ്യയുടെ കൈയ്യില്‍ ആകെയുണ്ടായിരുന്നത് ഏഴായിരം രൂപയും മൂന്നു ജോഡി ഉടുപ്പുകളും മാത്രം. കൊച്ചിയിലേക്കുള്ള ട്രെയിന്‍ ടിക്കറ്റും പണവും നല്‍കി അച്ഛൻ ധൊലാക്കിയ മകനോട് പറഞ്ഞത് ഇത്രമാത്രം. "പോയി സ്വന്തമായി ഒരു ജോലി നേടുക. ഏഴായിരം രൂപ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക."
കൊച്ചിയിലെത്തിയ ദ്രവ്യ പല ജോലികളും ചെയ്തു. ഹോട്ടൽ ജീവനക്കാരൻ, ബേക്കറി തൊഴിലാളി അങ്ങനങ്ങനെ. പണം തികയാത്തപ്പോൾ ഭക്ഷണം ഒരു നേരമാക്കി കുറച്ചു. ഇടയ്ക്ക് ഹോട്ടലിൽ വച്ച് മലയാളിയായ ശ്രീജിത്തിനെ പരിചയപ്പെട്ടു. പുതിയ ജോലി, ഹോട്ടലുകളെന്ന മേച്ചില്‍പ്പുറങ്ങള്‍. എച്ചിലു മാറ്റിയും അന്നം വിളമ്പിയും ജീവിത പാഠങ്ങള്‍. അങ്ങനെ ഒരു മാസത്തെ അനുഭവങ്ങള്‍ ദ്രവ്യയെ പലതും പഠിപ്പിച്ചു.
തിരികെ പോകാന്‍ ഒരുങ്ങുമ്പോള്‍ ദ്രവ്യക്ക് കാണാനുണ്ടായിരുന്നത് ശ്രീജിത്തിനെ മാത്രമായിരുന്നു. കൈ നിറയെ സമ്മാനങ്ങളുമായി ശ്രീജിത്തിനെ കാണാൻ എത്തിയപ്പോളാണ് നന്നായി ഇംഗ്ലീഷ് സംസാരിച്ചിരുന്ന ആ ഹോട്ടല്‍ തൊഴിലാളിയെ ചുറ്റുമുള്ളവർ തിരിച്ചറിയുന്നത്. അങ്ങനെ ജീവിതത്തിന്‍റെ ഫീസില്ലാ കോഴ്സ് പഠിച്ചു പാസായ ദ്രവ്യ ഗുജറാത്തിലേക്കു മടങ്ങുകയായിരുന്നു. അന്ന് യുഎസിൽ എംബിഎക്ക് പഠിക്കുന്നതിനിടയിലാണ് ജീവിതം നേരിട്ടു പഠിപ്പിക്കാന്‍ മകനെ അച്ഛന്‍ കേരളത്തിലേക്കു വിട്ടത്. ഈ യാത്ര എന്ത് പഠിപ്പിച്ചു എന്ന് ചോദിച്ചപ്പോൾ അന്ന് ദ്രവ്യ പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു... പണത്തിനു ചിലത് നൽകാൻ കഴിയും, പക്ഷേ അനുഭവങ്ങൾക്ക് അതിലേറെയും.