ചെക്ക്ഇൻ ചെയ്ത ശേഷം വിമാനത്തിൽ കയറാതെ യാത്രക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത് വൻ തട്ടിപ്പ്, 4 ജീവനക്കാരും പിടിയിൽ

By Web TeamFirst Published Dec 29, 2023, 3:07 AM IST
Highlights

കപ്പലുകളില്‍ മാത്രം ജോലി ചെയ്യാനുള്ള ഒരു അനുമതിപത്രം ഉപയോഗിച്ചാണ് ഇയാള്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ വിമാനക്കമ്പനി ജീവനക്കാരന്‍ ഇത് പരിശോധിച്ച് മാനുവലായി ചെക്ക് ഇന്‍ നല്‍കുകയായിരുന്നു.

ഡല്‍ഹി: വിമാനത്തില്‍ കയറാതെ എയര്‍പോര്‍ട്ടില്‍ ചുറ്റിത്തിരിഞ്ഞ യാത്രക്കാരനെ പിടികൂടിയപ്പോൾ ചുരുളഴിഞ്ഞത് വന്‍ തട്ടിപ്പ്. വിശദമായ അന്വേഷണത്തില്‍ എയര്‍ ഇന്ത്യയിലെ നാല് ജീവനക്കാരുള്‍പ്പെടെ അറസ്റ്റിലാവുകയും ചെയ്തു. ബുധനാഴ്ച ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

ബിര്‍മിങ്ഹാമിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാന്‍ വിമാനത്താവളത്തിലെത്തി, ബോര്‍ഡിങ് പാസ് വാങ്ങിയിരുന്ന ഒരു യാത്രക്കാരന്‍ വിമാനത്തില്‍ കയറിയില്ലെന്നും, ഇയാളെ കയറാതെയാണ് വിമാനം പുറപ്പെട്ടതെന്നുമുള്ള സന്ദേശം സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. മൂന്നാം ടെര്‍മിനലില്‍ നിന്ന് ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ വിമാനത്തില്‍ കയറാതിരിക്കാനുള്ള വിശ്വസനീയമായ കാരണങ്ങളൊന്നും ഇയാള്‍ പറഞ്ഞതുമില്ല. വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ലേഗേജിലും മറ്റും സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

Latest Videos

ഇതോടെയാണ് ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയത് മുതലുള്ള നീക്കങ്ങള്‍ സിസിടിവി ദൃശ്യങ്ങളിലൂടെ പരിശോധിച്ചത്. ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം എമിഗ്രേഷന്‍ കൗണ്ടറിലെത്തിയ ഇയാളെ സംശയം കാരണം അവിടെ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. സംശയം കാരണം ബന്ധപ്പെട്ട വിമാനക്കമ്പനി ജീവനക്കാരനെ വിളിച്ചുകൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ ഇയാളോട് പറയുകയായിരുന്നു. എന്നാല്‍ ഇയാള്‍ ചെക്ക് ഇന്‍ കൗണ്ടറിലേക്ക് തിരികെ പോവുകയോ എമിഗ്രേഷന്‍ കൗണ്ടറിലേക്ക് പിന്നീട് വരികയോ ചെയ്തില്ല.

വീണ്ടും പിന്നിലേക്ക് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാളുടെ ചെക്ക് ഇന്‍ നടപടികള്‍ ശരിയായ കൗണ്ടറിലൂടെ അല്ല നടന്നതെന്നും, റോഹന്‍ വര്‍മ എന്ന എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ ഇയാളുടെ കൈവശമുള്ള വ്യാജ രേഖകള്‍ പരിശോധിച്ചെന്ന് വരുത്തി ചെക്ക് ഇന്‍ പൂര്‍ത്തിയാക്കി നല്‍കുകയായിരുന്നു എന്നും കണ്ടെത്തി. കപ്പലുകളില്‍ മാത്രം ജോലി ചെയ്യാനുള്ള ഒരു അനുമതിപത്രം ഉപയോഗിച്ചാണ് ഇയാള്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ വിമാനക്കമ്പനി ജീവനക്കാരന്‍ ഇത് പരിശോധിച്ച് മാനുവലായി ചെക്ക് ഇന്‍ നല്‍കുകയായിരുന്നു.

വ്യാജ രേഖകളുമായി എത്തിയ മൂന്ന് യാത്രക്കാരെ ഇങ്ങനെ കയറ്റിവിട്ടെന്ന് ചോദ്യം ചെയ്തപ്പോള്‍ രോഹന്‍ വര്‍മ പറഞ്ഞു. തന്റെ സഹപ്രവര്‍ത്തകനായ മുഹമ്മദ് ജഹാംഗിര്‍ എന്നയാള്‍ ഇതിന് പണം നല്‍കിയെന്നും രോഹന്‍ അറിയിച്ചു.  ജഹാംഗിറിനെ പിടികൂടി പരിശോധിച്ചപ്പോള്‍ തനിക്ക് രാകേഷ് എന്നയാളാണ് പണം വാഗ്ദാനം ചെയ്തതെന്ന് അറിയിച്ചു. എയര്‍ ഇന്ത്യ സാറ്റ്സില്‍ ജോലി ചെയ്യുന്ന യാഷ്, അക്ഷയ് നാരംഗ് എന്നീ ജീവനക്കാര്‍ക്കും ഇതില്‍ പങ്കുള്ളതായി വ്യക്തമായി. മനുഷ്യക്കടത്ത് സംഘത്തിന് സഹായം ചെയ്യുകയായിരുന്നു ഇവരെന്നാണ് നിഗമനം. എയര്‍ ഇന്ത്യ ജീവനക്കാരെയും അനധികൃതമായി യാത്ര ചെയ്യാന്‍ ശ്രമിച്ചയാളെയും സിഐഎസ്എഫ് പിന്നീട് പൊലീസിന് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!