കേന്ദ്ര ബജറ്റിലെ വിവേചനപരമായ നിലപാട്: സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം; പാര്‍ലമെൻ്റിൽ ബഹളം

By Web Team  |  First Published Jul 24, 2024, 11:21 AM IST

താങ്ങ് വില കിട്ടിയത് ക‍ർഷകർക്കല്ലെന്നും ബിഹാറിലെയും ആന്ധ്രയിലെയും ഘടകകക്ഷികൾക്കാണെന്നും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്


ദില്ലി: മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ അതിശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. പാര്‍ലമെൻ്റിന് അകത്തും പുറത്തും ഇന്ന് പ്രതിഷേധം നടന്നു. ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി കൊടുത്ത ബജറ്റിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് യാതൊന്നും നൽകിയില്ലെന്നാണ് വിമ‍ർശനം ഉന്നയിക്കുന്നത്. ഇന്ന് സഭയ്ക്ക് പുറത്ത് പ്രതിപക്ഷ കക്ഷികൾ സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും അടക്കം സാന്നിധ്യത്തിൽ പ്രതിഷേധിച്ചു.

കേരളത്തെ അവഗണിച്ചതിനെതിരെ കേരളത്തിൽ നിന്നുള്ള എംപിമാര്‍ പാര്‍ലമെൻ്റിന് പുറത്ത് പ്രത്യേകം പ്രതിഷേധിച്ചു. പിന്നീട് ലോക്സഭയിൽ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചു. എന്നാൽ ചോദ്യോത്തര വേള തടസ്സപ്പെടുത്താനാകില്ലെന്ന് സ്പീക്കർ ഓം ബിർളയും കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജുവും നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷം ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കേന്ദ്ര ബജറ്റിൽ താങ്ങ് വില കിട്ടിയത് ക‍ർഷകർക്കല്ലെന്നും ബിഹാറിലെയും ആന്ധ്രയിലെയും ഘടകകക്ഷികൾക്കാണെന്നും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് വിമ‍ർശിച്ചു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!