ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; വിലയിരുത്തലുമായി നിയമകമ്മീഷൻ,ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാനാകില്ല

By Web TeamFirst Published Jan 23, 2024, 5:55 AM IST
Highlights

ഒരു ഘട്ടമായി ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളും അതേ വർഷം മറ്റൊരു ഘട്ടമായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നടത്താമെന്ന ശുപാർശ നിയമകമ്മീഷൻ സർക്കാരിന് സമർപ്പിക്കുമെന്നാണ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്

ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പകൾക്കൊപ്പം തദ്ദേശതെരഞ്ഞെടുപ്പും ഒന്നിച്ചാക്കുക പ്രായോഗികമല്ലെന്ന് നിയമകമ്മീഷൻ വിലയിരുത്തൽ. പകരം ഒരേ വർഷം എല്ലാ വോട്ടെടുപ്പും പൂർത്തിയാക്കണമെന്ന ശുപാർശ കമ്മീഷൻ നല്കിയേക്കുമെന്ന് സൂചന. ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പിന് പൊതുവോട്ടർപട്ടിക എന്ന ശുപാർശയും നൽകിയേക്കും. ഒരു ഘട്ടമായി ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളും അതേ വർഷം മറ്റൊരു ഘട്ടമായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നടത്താമെന്ന ശുപാർശ നിയമകമ്മീഷൻ സർക്കാരിന് സമർപ്പിക്കുമെന്നാണ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അഞ്ചു കൊല്ലത്തേക്ക് പിന്നെ തെരഞ്ഞെടുപ്പ് ഒഴിവാക്കാം എന്നാണ് ശുപാർശ. തെരഞ്ഞെടുപ്പ് ഘട്ടങ്ങൾ ഒരോ സംസ്ഥാനത്തെയും ഇതനുസരിച്ച് ക്രമീകരിക്കണം.

ഒപ്പം ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി പൊതുവോട്ടർ പട്ടിക നടപ്പാക്കണമെന്ന ശുപാർശയും ഉൾക്കൊളളിച്ചിട്ടുണ്ടെന്നാണ് വിവരം. റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് നിയമകമ്മീഷൻ അംഗങ്ങളുടെ യോഗം ഈആഴ്ച്ച ചേരും. നിയമകമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതിന് പിന്നാലെ സർക്കാർ നിയോഗിച്ച രാംനാഥ് കോവിന്ദ് സമിതിയും യോഗം ചേരുന്നുണ്ട്. സമിതി അഭിപ്രായം തേടിയ മുൻ തെരഞ്ഞെടുപ്പു കമ്മീഷണർമാരായ അഞ്ച് പേരും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് അനൂകൂല നിലപാട് അറിയിച്ചെന്നാണ് സൂചന. ഏതായാലും അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ബിജെപി പൂർത്തിയാക്കിയതോടെ മറ്റൊരു രാഷ്ട്രീയനീക്കത്തിന് കൂടിയാണ് അണിയറയിൽ നീക്കം ശക്തമാകുന്നത്.

Latest Videos


 

click me!