ചുഴലിക്കാറ്റിൽ നിലംപൊത്തിയ രക്ത ചന്ദനത്തടികൾ ലേലത്തിന് സജ്ജമാക്കി ഒഡിഷ. പ്രതീക്ഷിക്കുന്നത് 400 കോടി രൂപ
ഭുവനേശ്വർ: 2018 ഒക്ടോബറിൽ കിഴക്കേ ഇന്ത്യയിൽ വ്യാപകമായ നാശം വിതച്ച ഉഷ്ണമേഖലാ ചുഴലിക്കാറ്റായ തിത്‌ലിയിൽ നിലം പൊത്തിയ രക്ത ചന്ദനമരങ്ങൾ ലേലത്തിന് വയ്ക്കാനൊരുങ്ങി ഒഡിഷ. 771 ടൺ രക്ത ചന്ദനമാണ് ആഗോളതലത്തിലുള്ള ലേലത്തിനായി സജ്ജമായിട്ടുള്ളത്. കഴിഞ്ഞ വർഷം രക്ത ചന്ദന ലേലത്തിലൂടെ 20 കോടി നേടാനായതിന് പിന്നാലെയാണ് 400 കോടി രൂപ ലക്ഷ്യമിട്ടുള്ള ലേലത്തിനായി ഒഡിഷ തയ്യാറെടുക്കുന്നത്.
ഒക്ടോബർ 30 മുതൽ ലേലത്തിനായുള്ള 35 ലോട്ടുകൾ ലഭ്യമായിട്ടുണ്ട്. ആദ്യ റൌണ്ടിന് ശേഷം നവംബർ 13നും 27നുമായാണ് രണ്ടും മൂന്ന് റൌണ്ട് ലേലം നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. രാജ്യത്തിന് പുറത്തേക്കുള്ള കയറ്റുമതിക്ക് രക്ത ചന്ദനത്തിന് വിലക്കുണ്ട്. അടുത്തിടെ ഒഡിഷയ്ക്ക് ഇതിൽ ഇളവ് കേന്ദ്രം നൽകിയിരുന്നു. 2018ലെ തിത്ലി ചുഴലിക്കാറ്റിൽ ഗജപതി ജില്ലയിൽ നിലം പൊത്തിയ രക്ത ചന്ദനത്തടികൾ ഇ ലേലം വയ്ക്കാനുള്ള നടപടി 2021ലാണ് ഒഡിഷ ശ്രമം ആരംഭിച്ചത്. കേന്ദ്രം കയറ്റുമതി വിലക്കിൽ ഇളവ് അനുവദിച്ചത് ഇതിന് പിന്നാലെയായിരുന്നു.
undefined
2023ൽ 800 ടൺ രക്ത ചന്ദനം ലേലത്തിന് വച്ചപ്പോൾ 38 ലോട്ടുകളിൽ ആകെ വിറ്റ് പോയത് 3എണ്ണം മാത്രമായിരുന്നു. 33 ടണ്ണോളമായിരുന്നു ഇത്. 1 ടൺ രക്ത ചന്ദനത്തിന് 25 മുതൽ 33 ലക്ഷം രൂപയോളമാണ് വിലവരുന്നത്. എ ഗ്രേഡ് രക്ത ചന്ദനത്തിനാണ് ഇതിലും വില വരുന്നത്. ഒഡിഷ വനംവകുപ്പുമായുള്ള കേന്ദ്ര ധാരണയാണ് നിലവിൽ ഇ-ലേലം സാധ്യമാക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ലാഭകരമാകും ഇത്തവണത്തെ ഇ- ലേലമെന്നാണ് ഒഡിഷ വനംവകുപ്പ് അധികൃതർ പ്രതികരിക്കുന്നത്. അന്തർ ദേശീയ മാർക്കറ്റിൽ ഒരു ടണ്ണിന് ഒരു കോടിയോളം എത്തുമെന്നാണ് വനം വകുപ്പ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം