എംഎൽഎമാരോട് ചോദിക്കും, മുഖ്യമന്ത്രിയെ തേടാൻ വോട്ടെടുപ്പുണ്ടാകില്ല; തെലങ്കാനയിൽ ​ഗവർണറെ കണ്ട് റെഡ്ഢിയും ഡികെയും

By Web TeamFirst Published Dec 3, 2023, 10:56 PM IST
Highlights

ഈ യോഗം കഴിഞ്ഞാൽ മാത്രമേ മുഖ്യമന്ത്രി ആരാകുമെന്ന് വ്യക്തമാവൂ. യോ​ഗത്തിന് ശേഷം കോൺ​ഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എംഎൽമാരുടെ അഭിപ്രായവും തേടും. എന്നാൽ വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ എത്തിക്കില്ലെന്നാണ് നേതാക്കൾ പറയുന്നത്. 

ബെം​ഗളൂരു: തെലങ്കാനയിൽ നാളെ കോൺ​ഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാര‍ത്തിലേറുമെന്ന പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമെന്ന് കോൺ​ഗ്രസ്. എന്നാൽ സർക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി നേതാക്കളായ രേവന്ത്‌ റെഡ്ഢിയുടെയും ഡി കെ ശിവകുമാറിന്റെയും നേതൃത്വത്തിൽ എംഎൽഎമാർ ഗവർണറെ സന്ദർശിച്ചു. ഇവർ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അതേസമയം, നാളെ രാവിലെ 10ന് നിയമസഭാ കക്ഷി യോഗം ചേരും. ഈ യോഗം കഴിഞ്ഞാൽ മാത്രമേ മുഖ്യമന്ത്രി ആരാകുമെന്ന് വ്യക്തമാവൂ. യോ​ഗത്തിന് ശേഷം കോൺ​ഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എംഎൽമാരുടെ അഭിപ്രായവും തേടും. എന്നാൽ വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ എത്തിക്കില്ലെന്നാണ് നേതാക്കൾ പറയുന്നത്. 

തെലങ്കാനയിൽ ബിആർഎസിനെ കടപുഴക്കി കോൺഗ്രസ് അധികാരത്തിലേക്കെത്തുകയാണ്. നാല് സംസ്ഥാനങ്ങളിൽ കോൺഗ്രസിന്‍റെ ഏക പച്ചത്തുരുത്തായ തെലങ്കാനയിൽ 12 ശതമാനത്തോളം വോട്ട് വിഹിതം കൂട്ടിയാണ് കോൺഗ്രസ് 63 സീറ്റുകൾ നേടിയത്. കഴിഞ്ഞ തവണ 88 സീറ്റുകൾ നേടിയ ബിആർഎസ് പകുതിയിൽത്താഴെ സീറ്റുകളിലൊതുങ്ങി. 9 സീറ്റുകൾ നേടിയ ബിജെപിയുടെ മുന്നേറ്റവും വോട്ട് വിഹിതം ഇടിഞ്ഞ എഐഎംഐഎമ്മിന്‍റെ വീഴ്ചയും തെലങ്കാനയുടെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതുന്നതാണ്.

Latest Videos

തെലങ്കാനയുടെ ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിയെഴുതിയ കൽവകുന്തള ചന്ദ്രശേഖർ റാവു. 2018-ൽ മിന്നുന്ന രണ്ടാമൂഴം കൂടി നേടിയതോടെ റാവുവിന് തിരിഞ്ഞ് നോക്കേണ്ടി വരില്ലെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ ഒരു കണക്കുകൂട്ടൽ. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പ് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കാൻ തെലങ്കാന രാഷ്ട്രസമിതിയെ ഭാരത് രാഷ്ട്ര സമിതിയെന്ന് പേര് മാറ്റിയ കെസിആറിന്‍റെ പിങ്ക് കാറിന്‍റെ ടയർ ഇത്തവണ പഞ്ചറായി. ടയറിലെ കാറ്റൂരി വിട്ടത് ഭരണവിരുദ്ധവികാരം തന്നെ. 90 ശതമാനം എംഎൽഎമാർക്കും വീണ്ടും സീറ്റ് കൊടുത്തും, മണ്ണിലിറങ്ങാതെ ഫാം ഹൗസിലിരിക്കുന്ന മുഖ്യമന്ത്രിയെന്ന ദുഷ്പേര് സമ്പാദിച്ചും കെസിആർ ജനങ്ങളുടെ അമർഷത്തെ വില കുറച്ച് കണ്ടു. മധ്യതെലങ്കാനയിലും തെക്കൻ തെലങ്കാനയിലും കോൺഗ്രസിന്‍റെ നീല സുനാമി ആഞ്ഞ് വീശി. പിന്നെയും പിടിച്ച് നിന്നത് ഹൈദരാബാദ് നഗരത്തിലാണ്. ഉത്തര തെലങ്കാനയിലെ പിങ്ക് കോട്ടയിൽ ബിജെപിയുണ്ടാക്കിയ മുന്നേറ്റത്തിൽ വിയർത്തു ബിആർഎസ്. എന്നും സുഹൃദ് പാ‍ർട്ടിയാണ് എന്ന് കെസിആർ വിശേഷിപ്പിച്ച എഐഎംഐഎമ്മിന്‍റെ വോട്ട് വിഹിതം പിന്നെയും ഇടിഞ്ഞത് ഓൾഡ് സിറ്റി ഹൈദരാബാദിലെ ഒവൈസി സഹോദരൻമാരുടെ വോട്ട് കോട്ടകളിൽ വിള്ളൽ വീഴുന്നു എന്നതിന്‍റെ കൃത്യമായ സൂചനയായി.

'ജനം നല്‍കിയത് ഐതിഹാസിക ജയം'; ബിജെപിയെ ആര്‍ക്കും തളര്‍ത്താന്‍ കഴിയില്ലെന്നും മോദി

കോൺഗ്രസിന് കൈ കൊടുത്ത സിപിഐ ജയിച്ചു കയറിയപ്പോൾ സഖ്യത്തിന് വിസമ്മതിച്ച സിപിഎം എങ്ങുമെത്താതെ നിരാശരായി. കർണാടക മാതൃകയിൽ ജനത്തിന് നൽകിയ ആറ് ക്ഷേമവാഗ്ദാനങ്ങൾ ഫലം കണ്ടു. സംഘടനയുടെ കെട്ടുറപ്പ് കാത്ത്, തമ്മിലടികളില്ലാതെ ഹൈക്കമാൻഡ് മുതൽ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ സംസ്ഥാനനേതൃത്വം വരെ ഒറ്റക്കെട്ടായി നിന്നത് നേട്ടമായി. ജനം തോളിലേൽപ്പിച്ച് തന്നത് വലിയൊരു ഉത്തരവാദിത്തമാണെന്നും, വാഗ്ദാനങ്ങൾ നിറവേറ്റുമെന്നും വിജയശേഷം രേവന്ത് റെഡ്ഡി പറഞ്ഞു. ഇനി സർക്കാർ രൂപീകരണത്തിലേക്ക് കോൺഗ്രസ് കടക്കുകയാണ്. ഡി കെ ശിവകുമാറിന്‍റെ നേതൃത്വത്തിൽ എംഎൽഎമാരെ പഞ്ചനക്ഷത്രഹോട്ടലിലേക്ക് മാറ്റിക്കഴിഞ്ഞു. തെലങ്കാനയുടെ അമ്മ എന്ന് കോൺഗ്രസ് വിളിക്കുന്ന സോണിയാ ഗാന്ധിയുടെ ജന്മദിനത്തിലാകും പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നത്.

https://www.youtube.com/watch?v=Ko18SgceYX8
 

click me!